മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടു..! സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഫേസ്ബുക്കില്‍ മത വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മതസ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് ഐപിസി 153ാം വകുപ്പ് പ്രാകരം തൃശൂര്‍ ചേര്‍പ്പ് പോലീസാണ് കേസെടുത്തത്.

ആലപ്പുഴ വടുതല സ്വദേശി കെഎ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിയനന്ദനന് എതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പൂച്ചാക്കല്‍ പൊലീസിനും പിന്നീട് ആലപ്പുഴ എസ്പിക്കും നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൃത്തികെട്ട ഭാഷ ഉപയോഗിച്ച സംവിധായകതനെതിരെ നാട്ടില്‍ വലിയ പ്രക്ഷോഭം നടന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ചാണകം കൊണ്ട് അഭിഷേകവും നടത്തി.

Exit mobile version