യുവതികള്‍ മല കയറരുത് എന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നത്; 10 വയസ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല; സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: യുവതികള്‍ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ എഴുതി നല്‍കിയിരിക്കുന്ന വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വാദം എഴുതി നല്‍കിയത്. അതേസമയം 10 വയസ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

35 വയസുള്ള യുവതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാം എങ്കില്‍ ശബരിമലയില്‍ പ്രവേശിക്കുകയും ചെയ്യാമെന്ന് സര്‍ക്കാര്‍ പറയുന്നു. അതായത് 2007 വരെ 35 വയസ് കഴിഞ്ഞ യുവതികള്‍ക്കും തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാം എന്നായിരുന്നു നിയമം. 2007 ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയതെന്നും സര്‍ക്കാരിന്റെ വാദത്തിലുണ്ട്.

യുവതീപ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ല, നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. യുവതികള്‍ക്ക് വിലക്ക് ഉള്ളത് ശബരിമലയില്‍ മാത്രമെന്നും സര്‍ക്കാര്‍ വാദത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു മതത്തിന്റേയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീപ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത് എന്നും വാദത്തിലുണ്ട്.

ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന അഭിഭാഷകന്‍ വെങ്കിട്ടരാമന്റെ വാദം തെറ്റെന്നും വാദത്തില്‍ ചൂണ്ടികാണിക്കുന്നു. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദത്തില്‍ പറയുന്നു. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണെന്നും വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version