സ്വാതിമോള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാം.! ‘മാലാഖ’ മാരുടെ നന്മ മനസിന് ബിഗ് സല്യൂട്ട്; 14ന് നടക്കുന്ന ചടങ്ങില്‍ കാനം രാജേന്ദ്രന്‍ ആ കുഞ്ഞുമോള്‍ക്ക് താക്കോല്‍ കൈമാറും, ചടങ്ങില്‍ യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പങ്കെടുക്കും

തൃശ്ശൂര്‍: സ്വാതിമോള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാം. നഴ്‌സുമാര്‍ ശരിക്കും മാലാഖമാരാണെന്ന് തെളിയിക്കുന്ന കഥയാണ് ഇവിടെ സാക്ഷാത്കരിച്ചത്. നഴ്‌സുമാരുടെ പ്രയത്‌നം കൊണ്ട് സ്വരുക്കൂട്ടിയ കാശാണ് സ്വാതിയ്ക്ക് വീടിനായി ചെലവാക്കിയത്. 14 ലക്ഷത്തോളം രൂപ ചെലവിട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വാട് നിര്‍മ്മിച്ചത്. ഈ സ്വപ്നഗൃഹം തിരുവനന്തപുരം ഭരതന്നൂരിലെ സ്വാതിമോള്‍ക്ക് 14 ന് കൈമാറും.

യുഎന്‍എയിലെ അംഗങ്ങളായ 9,000 ത്തോളം പേരില്‍ നിന്നും ലഭിക്കുന്ന പ്രതിമാസ ലെവിയില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റിവച്ചാണ് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ അഞ്ച് സെന്റ് ഭൂമി വാങ്ങിയത്. ഇതില്‍ മൂന്ന് സെന്റിലായാണ് ഭവനം നിര്‍മ്മിച്ചത്. 2017 ഓണക്കാലത്താണ് അടച്ചുറപ്പില്ലാത്ത കൂരയുടെ മുറ്റത്തെ അത്തപൂക്കളത്തിനരികെ നിഷ്‌കളങ്കമായി നില്‍ക്കുന്ന സ്വാതി മോളുടെ ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് ആ നന്മ മനസുകള്‍ ഉണര്‍ന്നത്.

തുടര്‍ന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ ചിത്രത്തിലെ നിജസ്ഥിതി അന്വേഷിക്കുകയും ഭരതന്നൂരിലെ അംബേദ്ക്കര്‍ കോളനിയില്‍ കുമാറും ഭാര്യ ബീനയും മകള്‍ സ്വാതിയും സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ കൂരയില്‍ കഴിയുകയാണെന്ന് ബോധ്യമാവുകയുമായിരുന്നു. തുടര്‍ന്ന് വീട് വച്ചുനല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ യുഎന്‍എ ജനറല്‍ കൗണ്‍സില്‍ ചേന്ന് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. സ്ഥലം രജിസ്റ്റര്‍ ചെയ്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകയും സ്ഥലം പഞ്ചായത്ത് അംഗവുമായ ലളിത കുമാരിയുടെ സഹായത്തോടെ വീട് നിര്‍മ്മാണത്തിനുള്ള നടപടികളും തുടങ്ങി.

പ്രളയകാലത്തുണ്ടായ തടസങ്ങള്‍ക്ക് തീര്‍ത്ത് നിര്‍മാണം വേഗത്തിലാക്കാന്‍ നഴ്‌സുമാര്‍ ഒരുമിച്ചു. യുഎന്‍എ സംസ്ഥാന കമ്മിറ്റിയംഗം അഭിരാജ് ഉണ്ണിയാണ് പദ്ധതി കോഓര്‍ഡിനേറ്റ് ചെയ്തത്. കാനം രാജേന്ദ്രന്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ജാസ്മിന്‍ ഷാ അധ്യക്ഷത വഹിക്കും. സ്വാതിമോളുടെ വീടിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് ഭൂമി സമാനമായി കഴിയുന്ന അര്‍ഹതപ്പെട്ട ഒരാള്‍ക്ക് കൈമാറുമെന്ന് യുഎന്‍എ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഎന്‍എ ദേശീയ നേതാവ് ജാസ്മിന്‍ ഷായെ, വയനാട് ലോകസഭാ സീറ്റില്‍ സിപിഐയുടെ സാധ്യതാ പട്ടികയിലേക്ക് പരിഗണിക്കുമെന്ന സൂചനകള്‍ പരക്കുന്നതിനിടെയാണ് ഈ പദ്ധതി, ചടങ്ങില്‍ സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.

Exit mobile version