അന്ന് അന്നത്തിനായി പാഞ്ഞു; ഇന്ന് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ നാമവശേഷമായി ഷെഡ്ഡില്‍; ആരാധകരുടെ നെഞ്ചില്‍ ‘കുത്തി’ ചിത്രം

ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി... എന്റെ കുടുംബത്തിന്‍ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോവണ്ടി..' അദ്ദേഹം വിടവാങ്ങിയിട്ടും ആ ഗാനം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്

ചാലക്കുടി: പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ചും അതുപോലെ കണ്ണീരിലാഴ്ത്തിയും പോയ് മറഞ്ഞ നടനാണ് കലാഭവന്‍ മണി. മണ്‍മറഞ്ഞ് പോയിട്ടും ഇന്നും ചാലക്കുടിക്കാരുടെയും മറ്റുള്ളവരുടെയും ഇടംനെഞ്ചില്‍ സ്ഥാനം പിടിച്ച് ഒരു വിങ്ങലായി നിന്ന താരം കൂടിയാണ് മണി. ഇപ്പോള്‍ നെഞ്ചില്‍ കുത്തുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കലാഭവന്‍ മണിയുടെ ഒരു കാലത്ത് അന്നമായി കിടന്നിരുന്ന ഓട്ടോയുടെ ചിത്രമാണ് വിങ്ങലാകുന്നത്. മണ്ണടിഞ്ഞു പോയ മണിയെ പോലെ ഓട്ടോയും തുരുമ്പെടുത്ത് നാമവശേഷമാവുകയാണ്.

ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിന്‍ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോവണ്ടി..’ അദ്ദേഹം വിടവാങ്ങിയിട്ടും ആ ഗാനം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. പ്രളയത്തില്‍ ചാലക്കുടി പുഴ കരകവിയുകയും കലാഭവന്‍ മണിയുടെ വീടുള്‍പ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരുനിലയോളം അന്ന് വെള്ളത്തിനടിയിലായി. ആ സമയത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ഇഷ്ട വാഹനവും നാമവശേഷമായത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ദയനീയത വെളിപ്പെടുത്തിയത്.

ആ ഓട്ടോറിക്ഷ മണിച്ചേട്ടന്‍ മൂത്തചേട്ടന്റെ മകന് വാങ്ങിക്കൊടുത്തതാണ്. അവന്‍ അതോടിച്ചാണ് ജീവിച്ചിരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്നാണ് ഓട്ടോയുടെ പേര്. 100 ആണ് അതിന്റെ നമ്പരും. മണിച്ചേട്ടന്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു വീടും വാങ്ങി നല്‍കിയിരുന്നു. പുഴയുടെ തീരത്തായിരുന്നു വീട്. പ്രളയം വന്നപ്പോള്‍ ആ വീടും ഓട്ടോയും സഹിതം എല്ലാം മുങ്ങിപ്പോയി. ഇന്ന് ആ വീട്ടില്‍ താമസിക്കാന്‍ പോലും കഴിയില്ല. മൂത്ത ചേട്ടനും കുടുംബവും കലാഗൃഹത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്രളത്തില്‍ എല്ലം നഷ്ടപ്പെട്ടിട്ട് സര്‍ക്കാരില്‍ നിന്നും വേണ്ട സഹായം ഒന്നും ലഭിച്ചിട്ടില്ല. ഞങ്ങളെല്ലാവരും സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുകയാണ്. വീടും വരുമാനമാര്‍ഗവും നിലച്ച അവസ്ഥയിലുമാണെന്ന് രാമകൃഷ്ണന്‍ പറയുന്നു.

ഇപ്പോഴും ആരാധകര്‍ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരില്‍ ആരോ എടുത്ത ചിത്രമാവണം ഇപ്പോള്‍ പ്രചരിക്കുന്നത്. ആ ഓട്ടോ ശരിയാക്കി അവന് ഓടിക്കാന്‍ കൊടുക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പ്രളയം വന്‍നാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്‌നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കില്‍ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. അത് വലിയ അദ്ഭുതമായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു.

Exit mobile version