കേരളം ഞെട്ടിയ മോഷണക്കഥയില്‍ ഒരു ഹീറോയിസം ട്വിസ്റ്റ്..! ഭീമനെ പോലെയുള്ള സജീവിനെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ തനിച്ച് കീഴടക്കി; കേരളാ പോലീസിന്റെ അഭിനയത്തിനും നിറകൈയ്യടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒരു മോഷ്ടാവ് വൃദ്ധയുടെ മാല മോഷ്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നായിരുന്നു സംഭവം. മാല കവര്‍ന്നതിന് പുറമെ അവരെ തള്ളിയിട്ട് പോകുന്ന ക്രൂരതയും കണ്ട് മനസ് തളര്‍ന്നിരിക്കുകയാണ് മലയാളികള്‍. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി സജീവിനെ പൊലീസ് പിടികൂടുകയും ചെയ്തു.

ഭീമനെ പോലെയുള്ള സജീവിനെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ തനിച്ച് കീഴടക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ നാടിന് അഭിമാനമാകുന്നത്. ഒരു സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവങ്ങളെന്ന് ബിജുകുമാര്‍ പറയുന്നു. വന്‍ ട്വിസ്റ്റാണ് സംഗതി.

ഉദ്യോഗസ്ഥന്‍ പറയുന്നു…

വൃദ്ധയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി. ഇതിനകം പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രീഫിക് ഡ്യൂട്ടിയിലായിരുന്നു ഞാന്‍. വയര്‍ലെസ് വഴി സ്‌കൂട്ടറിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു.

നിരവധി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ വെറുതെ ഒരു പരിശോധന നടത്തി. ഒരു കൗതുകം അത്ര മാത്രം. എന്നാല്‍ പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്‌കൂട്ടര്‍. ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ സജീവ് സ്‌കൂട്ടറിനടുത്തെത്തി. നല്ല ആരോഗ്യമുള്ള സജീവിനെ തനിക്ക് ഒറ്റയ്ക്ക് കീഴ്‌പെടുത്താനാവില്ലെന്ന് മനസിലായി. സ്റ്റേഷനിലേക്ക് വിളിച്ച് കൂടുതല്‍ പോലീസുകാരെ വരുത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെട്ടേക്കുമെന്നും തോന്നി.

ഇനി ട്വിസ്റ്റ്…

താന്‍ ഒരു കള്ളന്റെ അടുത്താണെന്ന് അറിഞ്ഞിട്ടും ആ ഭാവം മുഖത്ത് കാണിക്കാതെ വിഷയം മാറ്റി. സ്‌കൂട്ടര്‍ നോ പാര്‍ക്കിങ്ങിലാണെന്നും സ്റ്റേഷനിലെത്തി പിഴയടക്കണമെന്നും സജീവിനോട് പറഞ്ഞു. സംശയം തോന്നാതിരുന്ന സജീവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മറ്റ് പോലീസുകാരോട് ബിജുകുമാര്‍ കാര്യങ്ങള്‍ പറഞ്ഞു. പോലീസുകാര്‍ സ്റ്റേഷനില്‍ തന്നെ വളഞ്ഞതോടെ അനങ്ങാന്‍ പറ്റാതെ സജീവ് കുടുങ്ങി. അങ്ങനെ ക്രൂരമായി വൃദ്ധയുടെ മാലപൊട്ടിച്ചതടക്കം മൂന്ന് കേസുകള്‍ തെളിഞ്ഞു.

കള്ളനെ പിടികൂടിയതിന് ബിജുകുമാറിനും സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ തന്നെ ശരത് ചന്ദ്രനും പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ അനുമോദിച്ചു.

Exit mobile version