അനില്‍ ആന്റണിയെ വിമര്‍ശിക്കുന്നത് മാന്യതയല്ല; കെഎസ്‌യു പ്രമേയം അസംബന്ധം; താക്കീതുമായി കെ ബാബു

കൊച്ചി: എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ കെഎസ്‌യു അവതരിപ്പിച്ച പ്രമേയത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ ബാബു. കെഎസ്‌യുവിന്റെ പ്രമേയം അസംബന്ധമാണെന്ന് കെ ബാബു കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ആന്റണിയുടെ പേരില്‍ എകെ ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നേതാക്കളെ കാലം തിരിച്ചറിയുമെന്നും, സൂചികൊണ്ടായാലും കണ്ണില്‍ കുത്തിയാല്‍ നോവുമെന്ന് കുട്ടികളെ നയിക്കുന്ന രാഷ്ട്രീയ യജമാനന്മാര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു തുറന്നടിച്ചു.

കഴിഞ്ഞ ദിവസം നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു അനില്‍ ആന്റണിക്കെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി വിമര്‍ശനമുന്നയിച്ചത്. പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പല്‍വാള്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിനും പാര്‍ട്ടി യില്‍ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമര്‍ശം.

Exit mobile version