ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ആദ്യം വോട്ട് ഉറപ്പിക്കട്ടെ! സ്ഥാനാര്‍ത്ഥിയാകും മുന്‍പേ എംകെ രാഘവന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും വീട് കയറി വോട്ടു ചോദിച്ചും കോണ്‍ഗ്രസുകാര്‍

വീട് കയറിയുള്ള പ്രചാരണമാണ് സംഭവത്തിന്റെ ഹൈലൈറ്റ്.

കോഴിക്കോട്: ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പേ സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും വീട് വീടാന്തരം കയറി ഇറങ്ങിയും വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസുകാര്‍. എംകെ രാഘവന് വേണ്ടിയാണ് കോഴിക്കോട് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുള്ളത്.

വീട് കയറിയുള്ള പ്രചാരണമാണ് സംഭവത്തിന്റെ ഹൈലൈറ്റ്. കോഴിക്കോട് ബാലുശ്ശേരിയിലാണ് എംകെ രാഘവന് വോട്ട് തേടി യുഡിഎഫ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്. ബാലുശ്ശേരിയിലെ മഞ്ഞപ്പാലം, പനങ്ങാട് എന്നിവടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റുകള്‍ കവലകളിലും വീടുകളുടെ മതിലുകളിലും നിറഞ്ഞുകഴിഞ്ഞു.

രാഘവന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലും വോട്ട് അഭ്യര്‍ത്ഥന തകൃതിയായി തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ജനമഹായാത്രയ്ക്കിടെ കെപിസിസി അധ്യക്ഷന്‍ തന്നെ രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നു. പൗരസ്വീകരണങ്ങള്‍ സംഘിടിപ്പിച്ച് ഡിസിസി നേതൃത്വവും രാഘവന് വേണ്ടി രംഗത്തുണ്ട്.

Exit mobile version