‘കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ’ പിന്നാലെ വന്നത് മരണം; നോവായി ഗൃഹപ്രവേശന വീട്ടിലെ അവസാന സെല്‍ഫി!

തമാശകളും പൊട്ടിച്ചിരികളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടിരിക്കെയാണു ദുരന്തം ആനയുടെ രൂപത്തില്‍ എത്തുകയായിരുന്നു.

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞത് കണ്ണീര്‍ കാഴ്ചയായിരുന്നു. ഇപ്പോള്‍ നോവ് പടര്‍ത്തി അവസാനത്തെ സെല്‍ഫി കൂടി എത്തിയിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും എടുത്ത സെല്‍ഫിയാണ് ജീവിതത്തിന്റെ അവസാന ഫ്രെയിമായത്.

തമാശകളും പൊട്ടിച്ചിരികളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടിരിക്കെയാണു ദുരന്തം ആനയുടെ രൂപത്തില്‍ എത്തുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു.

ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. മരിച്ച നാരായണന്‍ 40 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്നു. ഭാര്യ: ബേബിനിഷ.

Exit mobile version