ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും; 12 പേര്‍ ചികിത്സ തേടി

കാസര്‍ഗോഡ്: നീലേശ്വരത്ത് ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി. ചോയ്യങ്കോടിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരാണ് ചികിത്സ തേടിയത്.

ചടങ്ങില്‍ പങ്കെടുത്ത 350 പേരില്‍ നിരവധി പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരില്‍ 12 പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

വയറിളക്കവും ഛര്‍ദിയുമാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായത്. സലാഡ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

ഗൃഹപ്രവേശനം നടന്ന വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് കാസര്‍കോഡ് ഉളള ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ആരെയും കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version