ട്രായിയുടെയും സര്‍ക്കാറിന്റെയും ഉത്തരവുകള്‍ പാലിക്കുന്നില്ല; മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടവര്‍ നിര്‍മ്മാണം

ചട്ടങ്ങള്‍ ലംഘിച്ചാണ് പല ടവറുകളുടേയും നിര്‍മ്മാണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ പരിശോധനയിലും കണ്ടെത്തി

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൊബൈല്‍ നിര്‍മ്മാണം വ്യാപകമാകുന്നു.
സംസ്ഥാനത്ത് മൊബൈല്‍ ടവറുകളില്‍ പലതും നിര്‍മ്മിച്ചിരിക്കുന്നത് ട്രായിയുടേയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പാലിക്കാതെയെന്ന് കണ്ടെത്തല്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പല ടവറുകളുടേയും നിര്‍മ്മാണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ പരിശോധനയിലും കണ്ടെത്തി.

കോഴിക്കോട് ജില്ലയിലെ പുതിയ രണ്ട് ടവറുകള്‍ സ്ഥാപിച്ചതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌. കൊടുവള്ളിയില്‍ അടുത്തിടെ സ്ഥാപിച്ച മൊബൈല്‍  ടവറാണിത്. ആന്റിന സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് നിന്നും 45 മീറ്ററെങ്കിലും വീടുകളിലേക്ക് അകലം പാലിക്കണമെന്നാണ് നിയമം. ഇതിനു പുറമേ കേന്ദസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെക്‌നോളജിയുടെ ഇഎംഎഫ് സര്‍ട്ടിഫിക്കറ്റും ടവറിന്റെ അനുമതിക്ക് ആവശ്യമാണ്. ആന്റിനയില്‍ നിന്നുള്ള ഫ്രീക്വന്‍സി പരിശോധന അടക്കം നടത്തിയതിനു ശേഷമാണ് ഇഎംഎഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

എന്നാല്‍ ആന്റിന പോലും സ്ഥാപിക്കാതെ ഈ ടവറിന് ഇഎംഎഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. ട്രായിയുടെ നിര്‍ദേശ പ്രകാരം ജനവാസകേന്ദ്രങ്ങളില്‍ ടവര്‍ നിര്‍മ്മിക്കണമെങ്കില്‍ പരിസര വാസികളുടെ സമ്മത പത്രം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അതും പാലിക്കപ്പെട്ടിട്ടില്ല.

ഇത് തന്നെയാണ് അടുത്തിടെ സ്ഥാപിച്ചിരിക്കുന്ന പല ടവറുകളുടേയും സ്ഥിതി. നിയമം ലംഘിച്ച് ടവറുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തിയ പരിശോധനയിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്

Exit mobile version