തൊഴിലില്ല; വിശപ്പ് സഹിക്കാനാകാതെ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രക്ഷകരായി എത്തി പോലീസും അഗ്നിരക്ഷാ സേനയും

കോട്ടയം: ദിവസങ്ങളായി ജോലി ഇല്ലാത്തതിനെ തുടർന്ന് വിശപ്പ് സഹിക്കാനാകാതെ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഏറെ നേരം ജനങ്ങളേയും രക്ഷാപ്രവർത്തകരേയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയെങ്കിലും ഒടുവിൽ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. ഭക്ഷണം വാങ്ങിച്ച് നൽകി എല്ലാം പതിയെ ശരിയാക്കാം എന്ന് വാഗ്ദാനവും നൽകിയാണ് പോലീസും ഫയർഫോഴ്‌സും യുവാവിനെ മടക്കി അയച്ചത്.

കോതമംഗലം മാമലക്കണ്ടം സ്വദേശി അരുൺ കുമാറാണ് (27) ഇന്നലെ വൈകിട്ട് 7 മണിയോടെ ആത്മഹത്യാ ഭീഷണി മുഴക്കി മെഡിക്കൽ കോളജ് കപ്പേള ജങ്ഷനു സമീപത്തെ മൊബൈൽ ടവറിൽ കയറിയത്. യുവാവ് ടവറിൽ 40 അടിയോളം ഉയരത്തിലേക്ക് കയറിയതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് വഴിയാത്രികരും സമീപത്തെ കടക്കാരും പോലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പോലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി.

ദിവസങ്ങളായി ജോലിയില്ലെന്നും പട്ടിണിയാണെന്നും അരുൺ വിളിച്ചുപറയുന്നുണ്ടായിരുന്നു. താഴെയിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പോലീസ് ഉപദ്രവിക്കില്ലെന്നു ഉറപ്പുനൽകിയാൽ ഇറങ്ങാമെന്നായി യുവാവ്. അങ്ങനെ പരിശ്രമങ്ങൾ ഫലം കണ്ടതോടെ ഏഴരയോടെ യുവാവ് താഴെയിറങ്ങി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പോലീസും ചോദ്യം ചെയ്തശേഷം സമീപത്തെ ഹോട്ടലിൽ എത്തിച്ചു ഭക്ഷണം നൽകി.

പിന്നാടി അരുൺകുമാറിനെ പരിചയമുള്ള ആംബുലൻസ് ഡ്രൈവർക്കൊപ്പം പോലീസ് പറഞ്ഞുവിട്ടു. മെഡിക്കൽകോളജ് പരിസരത്തു കഴിയുന്ന യുവാവിന് മാനോവൈകല്യമുണ്ടെന്നാണ് പോലീസ് പ്രതികരിച്ചത്.

Exit mobile version