മൊബൈല്‍ ടവറുകളില്‍ നിന്നും റേഡിയേഷനുണ്ടാകുമെന്നത് വ്യാജപ്രചരണമെന്ന് ടെലികോം വകുപ്പ്

ആരോഗ്യത്തിന് പ്രത്യാഘാതം ഉണ്ടാക്കുന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ഇല്ല.

മുംബൈ: മൊബൈല്‍ ടവര്‍ ഉപയോഗിക്കുന്ന റേഡിയോ സിഗ്നലുകളില്‍ നിന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് നിര്‍ഗമനം ആരോഗ്യത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച്, ലോകമെമ്പാടും കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട 25000 ലേഖനങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിക്കുകയും ശാസ്ത്രീയ ലേഖനങ്ങള്‍ സമഗ്രമായി വിശകലനം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

കുറഞ്ഞതോതിലുള്ള ഇലക്ട്രോ മാഗ്നറ്റിക്ക് ഫീല്‍സ് ഏല്‍ക്കുന്നതു മൂലം എന്തെങ്കിലും ആരോഗ്യപ്രത്യാഘാതം ഉണ്ടാകുമെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

ഗവേഷണ റിസല്‍ട്ടുകളും കണക്കിലെടുക്കുമ്പോള്‍ ബെയ്‌സ് സ്റ്റേഷനുകളില്‍ നിന്നും വയര്‍ലസ് നെറ്റ്വര്‍ക്കുകളില്‍ നിന്നുമുള്ള ദുര്‍ബ്ബലമായ ആര്‍.എഫ് സിഗ്നലുകള്‍ ആരോഗ്യത്തിന് പ്രത്യാഘാതം ഉണ്ടാക്കുന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ഇല്ല.

ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളില്‍ നിന്നും ബേസ് സ്റ്റേഷനുകളില്‍ നിന്ന് ഉണ്ടാകുന്ന ആര്‍.എഫ് സിഗ്നലുകളില്‍ നിന്ന് ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നില്ലന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക്ക് നിര്‍ഗമനത്തിന്റെ തോതുകളുടെ അളവ് നിയന്ത്രിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും ഭാരത സര്‍ക്കാര്‍ 2008ല്‍ പ്രത്യേക നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

മന്ത്രിതല സമിതി ഐ.എം.സിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2012 മുതല്‍ മാനദണ്ഡങ്ങള്‍ പത്തിരട്ടി കര്‍ക്കശമാക്കിയത്. കേരളത്തില്‍ 95,000 മൊബൈല്‍ ഫോണ്‍ ബെയ്‌സ് സ്റ്റേഷനുകള്‍ ഉണ്ട് ഇവയില്‍ 35,000 ത്തിന്റെ റേഡിയേഷന്‍ ടെസ്റ്റ് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നിബന്ധനകള്‍ക്കനുസരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

Exit mobile version