മുദ്രാ ലോണ്‍ വഴി പണം തരും, പുതിയ തട്ടിപ്പ്..! ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ നിര്‍മ്മാതാക്കള്‍ വരെ ഇയാളുടെ ഇരകള്‍; രാത്രി മുഴുവന്‍ ടെറസില്‍ പകല്‍ മുഴുവന്‍ കാറില്‍ കറക്കം; ഒടുക്കം തട്ടിപ്പ് വീരന്‍, സീരിയല്‍ താരം അറസ്റ്റില്‍

തൃശ്ശൂര്‍: പലതരം തട്ടിപ്പുകളാണ് നാട്ടില്‍ നടക്കുന്നത്. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ എന്ന സീരിയല്‍ നടനാണ് ഇത്തവണ തട്ടിപ്പിന്റെ പേരില്‍ വലിയിലായത്. ഇയാള്‍ നിസാരക്കാരനല്ല. സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയത്. ഒരു യുവതിയുടെ കൈയ്യില്‍ നിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ക്ക് കുരുക്ക് വീണത്.

പരാതിക്കാരിയായ യുവതി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ക്ക് സാമ്പത്തികാവശ്യം വന്നപ്പോള്‍ പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പു നടത്തിയത്. വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പരാതി നല്‍കിയത്.

എന്നാല്‍ ഇത് ആദ്യ സംഭവമല്ല. സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതിന് വിജോ വിയ്യൂര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു വായ്പാ തട്ടിപ്പു കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ സലാമില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പോലീസ് പറഞ്ഞു.

അതേസമയം പിടിക്കപ്പെടും എന്നായപ്പോള്‍ വിജോ രാത്രി ഉറങ്ങിയിരുന്നത് സ്വന്തം വീടിന്റെ ടെറസിനു മുകളില്‍. സ്വന്തം മുറിയില്‍ ഉറങ്ങിയിട്ട് നാളേറെയായെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പലരും തന്നെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും ഇവര്‍ രാത്രി വീട്ടിലെത്തുമായിരുന്നെന്നും വിജോ പറയുന്നു. പുലര്‍ച്ചെ തന്നെ കാറില്‍ സ്ഥലം വിടും. പകല്‍ മുഴുവന്‍ കാറില്‍ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോണ്‍ നമ്പറുകളും മാറിക്കൊണ്ടിരുന്നു. ഇതിനിടെ തട്ടിപ്പുകള്‍ തുടര്‍ന്നു.

പോലീസ് വീടു വളഞ്ഞപ്പോഴും ടെറസില്‍ ഉറക്കത്തിലായിരുന്നു വിജോ. പോലീസ് എത്തിയതറിഞ്ഞ് ടെറസില്‍ നിന്ന് മതിലില്‍ ഊര്‍ന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു.

മൈക്രോ യൂണിറ്റ് ഡവലപ്‌മെന്റ ആന്‍ഡ് റിഫിനാന്‍സ് ഏജന്‍സി (മുദ്ര) എന്ന ചെറുകിട വായ്പാവിതരണ സംവിധാനം 2016ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ്. രാജ്യത്തെ ചെറുകിട വാണിജ്യ, വ്യവസായ സംരംഭകര്‍ക്ക് സംരംഭവികസനത്തിനു വേണ്ടി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത-സ്വകാര്യ ബാങ്കുകള്‍ വഴിയാണ് വായ്പാവിതരണം. ശിശു കിഷോര്‍, തരുണ്‍ എന്നീ പദ്ധതികളിലായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

Exit mobile version