കണ്ണൂര്‍ സ്വദേശിനി കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്ത സംഭവം; അയല്‍വാസിയായ യുവാവിന്റെ ശല്യം മൂലമെന്നു ആത്മഹത്യ കുറിപ്പ്

കൊടൈക്കനാല്‍ എംഎം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വീട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്

കണ്ണൂര്‍: കൊടൈക്കനാലില്‍ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പില്‍ കോളിയാട്ടില്‍ വീട്ടില്‍ ബാലന്റെയും ലക്ഷ്മിയുടെയും മകള്‍ രോഹിണിയാണ് (44) മരിച്ചത്. മൃതദേഹം കൊടൈക്കനാലില്‍ സംസ്‌കരിച്ചു.

കൊടൈക്കനാല്‍ എംഎം സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാഹി കാനോത്ത് വീട്ടില്‍ എന്‍ കെ ഷാജിന്റെ ഭാര്യ രോഹിണി നമ്പ്യാരാ(44)ണ് വ്യാഴാഴ്ച രാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ചത്. എട്ട് കുട്ടികളുടെ അമ്മയാണ് രോഹിണി. ഇവര്‍ എട്ടുവര്‍ഷമായി കൊടൈക്കനാലിലാണ് താമസം.

വാഷിങ് ക്രീം സോപ്പ്, കാര്‍ കഴുകാനുള്ള ക്രീം, പച്ചക്കറികളിലെ വിഷം കളയാനുള്ള ക്രീം എന്നിവ സ്വന്തമായി നിര്‍മ്മിച്ചു വില്‍പന നടത്തി വരികയായിരുന്നു. സംഭവ സമയം ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിന് കണ്ണൂരില്‍ ആയിരുന്നു.

അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് മരിക്കുന്നതെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. ആദ്യം
മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ വഴിതടഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്താലേ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കൂ എന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിന് ശേഷം മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചത്.

അവിടെ വെള്ളംലോറി ജോലിക്കാരനായ ജയശീലന്‍ എന്നയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് രോഹിണിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ കൊടൈക്കനാലില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഭര്‍ത്താവ് ചിതയ്ക്ക് തീക്കൊളുത്തണമെന്നും രോഹിണിയുടെ കുറിപ്പിലുണ്ട്. കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയശീലനെതിരെ നേരത്തേ രോഹിണി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. രോഹിണിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി റോഡ് ഉപരോധിച്ചത്. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ ഷാജ് തമിഴ്നാട് ഡിജിപിക്ക് പരാതി നല്‍കി.

Exit mobile version