വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത പ്രഖ്യാപിച്ച് ആത്മഹത്യ; മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

തളിപ്പറമ്പ്: സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത സ്വയം പ്രഖ്യാപിച്ച് ആത്മഹത്യ ചെയ്യുന്നത് നാട്ടില്‍ പതിവാകുന്നു. കഴിഞ്ഞദിവസം മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വാട്‌സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ചൊറുക്കള മഞ്ചാല്‍ കേളോത്ത് വളപ്പില്‍ സാബിറി ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ 5 ന് രാത്രിയിലാണ് ഇയാള്‍ ബന്ധുക്കള്‍ക്ക് വാട്സാപ് സന്ദേശമയച്ചത്.

ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളില്‍ രാത്രി 9.30 ഓടെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് അപ്പോള്‍ തന്നെ മണിക്കൂറുകളോളം പുഴയില്‍ തിരച്ചില്‍ നടത്തി. പിറ്റേ ദിവസവും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുമ്പ് വിവാഹിതനായ സാബിര്‍ കണ്ണൂരിലെ സ്വകാര്യ ലാബില്‍ ജോലി ചെയ്തുവരികയാണ്. എന്നാല്‍ മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.തന്റെ ഭാര്യയും അവരുടെ പിതാവും സഹോദരിയുമാണ് മരിക്കാനുള്ള കാരണം എന്ന് യുവാവ് ലൈവില്‍ പറഞ്ഞിരുന്നു. മാത്രമല്ല ഭാര്യയുമായുള്ള വഴക്കിന്റെ വീഡിയോയും യുവാവ് പോസ്റ്റ് ചെയ്തിരുന്നു

Exit mobile version