അച്ഛന്‍ ഫോണില്‍ വിളിച്ചു, എവിടാ മോനെ.. ഉത്തരം ‘ദേ എത്തി’ പക്ഷെ.. ഒരു അച്ഛനും അമ്മയും സഹിക്കില്ല ഈ ദുഖം

കലവൂര്‍: ഒരു അച്ഛനും അമ്മയും സഹിക്കില്ല ഈ ദുഖം.. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ അഖിലിനെ അച്ഛന്‍ മോഹനന്‍ ഫോണില്‍ വിളിച്ചിരുന്നു. ‘ദേ എത്തി’ എന്നായിരുന്നു മകന്റെ ഉത്തരം.. എന്നിട്ടും അവന്‍ വന്നില്ല. ഒടുക്കം അവനുള്ള ചോറും വറുത്ത മീനും അടച്ചുവച്ച് അച്ഛനും അമ്മയും ഉറങ്ങി. രാത്രി വൈകി അയല്‍വാസി വാതിലില്‍ തട്ടി വിളിച്ചു അഖിലിന് ചെറിയ അപകടമുണ്ടായെന്ന് പറഞ്ഞു. ആലപ്പുഴയിലെ ആശുപത്രികളിലും പിന്നീട് എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു എന്നിട്ടും രക്ഷയുണ്ടായില്ല. ഇന്നലെ പുലര്‍ച്ചെ അഖില്‍ മരണപ്പെട്ടു.

ജോലി കഴിഞ്ഞെത്തുന്ന കൂട്ടുകാരനെ പാതിരപ്പള്ളിയില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ബൈക്കില്‍ പോയതായിരുന്നു അഖില്‍. അഖിലും വിപിനും ഉറ്റ ചങ്ങാതിമാരായിരുന്നു. കൂട്ടുകാരന്‍ അഖിലിനൊപ്പം വിപിനും യാത്രയായി. വടക്കനാര്യാട് പന്നിശേരി കോളനിയില്‍ റോഡിനോടു ചേര്‍ന്ന മൂന്ന് സെന്റിലെ വീടിന്റെ തെക്ക് റോഡിനോട് ചേര്‍ന്നാണ് വിപിനു ചിതയൊരുക്കിയത്. ഒരുവര്‍ഷം മുമ്പ് വിവാഹിതനായ വിപിന്റെ ഭാര്യയെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് 10നായിരുന്നു നിശ്ചയിച്ചത്.

ഇവരുടെ മരണത്തിനു കാരണം തലയിലെ പരുക്ക്. ബൈക്ക് ഓടിച്ചവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു. പുതുതലമുറ വിഭാഗത്തില്‍പ്പെടുന്ന 400, 200 സിസി ശേഷിയുള്ള ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

Exit mobile version