അമിത് ഷാ തന്നെ ഉദ്ഘാടനം ചെയ്യും! കണ്ണൂരില്‍ വിമാനം ഇറക്കാന്‍ അമിത് ഷാ; വ്യോമയാന മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒടുവില്‍ കിയാല്‍ അനുമതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിന് മുമ്പേ വിമാനമിറക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് കിയാല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ബിജെപി ജില്ലാ കമ്മിറ്റിയുടെ ഓഫീസ് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് 27ന് അമിത്ഷാ കണ്ണൂരെത്തുന്നത്.

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതോടെ ഇവിടെ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് അതോറിറ്റി കിയാലിന് നിര്‍ദേശം നല്‍കി.

ഉദ്ഘാടനത്തിന് മുന്നെ യാത്രാ വിമാനമിറക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്നായിരുന്നു കിയാലിന്റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സമ്മര്‍ദ്ദം ശക്തമാക്കിയതോടെ അമിത് ഷായ്ക്ക് വിമാനമിറങ്ങാന്‍ ഇന്ന് അനുമതി നല്‍കുകയായിരുന്നു.

എആര്‍ എയര്‍വേയ്‌സ് പ്രൈവറ്റ് ലിമറ്റഡിന്റെ പ്രത്യേക വിമാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത്ഷാ ഇറങ്ങുക. വിമാനത്തിന്റെ ലാന്‍ഡിങ് എയര്‍ ട്രാഫിക്ക് സര്‍വീസ് ലഭ്യമാക്കാനുള്ള അപേക്ഷ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചാല്‍ അമിത്ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രക്കാരനാകും.

Exit mobile version