തരംതാഴ്ത്തപ്പെട്ട ഡിവൈഎസ്പിമാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും..

കൊച്ചി: സംസ്ഥാന പോലീസ് ഇന്നത സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിലേക്ക്. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പതിനൊന്ന് ഡിവൈഎസ്പിമാരെയാണ് തരംതാഴ്ത്തിയത്. സര്‍ക്കാരിന്റെ ഈ നടപടി ചട്ടവിരുദ്ധമാണെന്നാണ് 12 ഉദ്യോഗസ്ഥരുടെയും ആരോപണം. ഇതിനാല്‍ തന്നെ തങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്.

സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പോലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുമ്പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. അച്ചടക്ക നടപടി നേരിടുന്ന ഇവരെ ഒഴിവാക്കിയാണ് ആഭ്യന്തരവകുപ്പ് പുതിയ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇതിനൊപ്പം പോലീസില്‍ വന്‍ അഴിച്ചു പണിയും നടത്തി. 63 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പി മാര്‍ക്കും സ്ഥലം മാറ്റമുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മാറ്റം എന്നാണ് വിലയിരുത്തല്‍. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് പന്ത്രണ്ട് പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇവരെ സിഐമാരായി തരംതാഴ്ത്തും.

Exit mobile version