കാര്‍ നിര്‍ത്തിയിട്ട് പള്ളിയില്‍ നമസ്‌കരിക്കാനായി പോയ വ്യാപാരിയെ ഞെട്ടിച്ച് കവര്‍ച്ച! ഗ്ലാസ് തകര്‍ത്ത് മോഷ്ടിച്ചത് മൂന്ന് ലക്ഷം; മോഷണം പതിവായതോടെ ആശങ്കയില്‍ വ്യാപാരികള്‍

നഗരത്തെ ഞെട്ടിച്ച് തിരക്കുള്ള റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്തു 3 ലക്ഷം രൂപയുടെ കവര്‍ച്ച.

തളിപ്പറമ്പ്: നഗരത്തെ ഞെട്ടിച്ച് തിരക്കുള്ള റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്തു 3 ലക്ഷം രൂപയുടെ കവര്‍ച്ച. മന്ന കെപികെ സ്റ്റീല്‍ പാര്‍ട്ണറായ പികെഉമ്മറിന്റെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്. കഴിഞ്ഞ 17 നു നഗരസഭ ഓഫീസിനു സമീപം തളിപ്പറമ്പ് സയിദ് നഗറില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 2.5 ലക്ഷം രൂപ കവര്‍ച്ച ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് വീണ്ടും കവര്‍ച്ച നടന്നത്. വാഹനത്തിരക്കുള്ള സ്ഥലത്ത് നിര്‍ത്തിയിട്ട കാറാണ് ഇത്തവണ കവര്‍ച്ചയ്ക്കിരയായത്. ഈ സ്ഥലത്ത് കഴിഞ്ഞ ദിവസവും ഒരു കാറിന്റെ ഗ്ലാസ് തകര്‍ത്ത് ചെക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു.

നഗരസഭ ഓഫീസിനു സമീപം ഇന്നലെ പന്ത്രണ്ടരയോടെ കാര്‍ നിര്‍ത്തി സമീപത്തുള്ള പള്ളിയില്‍ ഉമ്മര്‍ പോയപ്പോഴാണ് കവര്‍ച്ച നടന്നത്. കാറിന്റെ പിന്‍ സീറ്റില്‍ ഒരു ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പള്ളിയില്‍ നിന്നു പുറത്തിറങ്ങിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.

തളിപ്പറമ്പ് എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ 17 നു സയിദ് നഗറില്‍ രാത്രിയാണ് കവര്‍ച്ച നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട വ്യാപാരിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് 2.25 ലക്ഷം രൂപയും രേഖകളും അടങ്ങിയ ബാഗ് എടുത്ത് കൊണ്ട് പോവുകയായിരുന്നു. പണം എടുത്ത ശേഷം ബാഗ് പിന്നീട് മാര്‍ക്കറ്റിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അന്നു തന്നെ പുഷ്പഗിരി നെല്ലിപ്പറമ്പിനു സമീപം നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്തും ബാഗ് കവര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ ഇതില്‍ വ്യാപാരിയായ കാര്‍ ഉടമയുടെ ചോറ്റുപാത്രം മാത്രമായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. 3ആഴ്ചകള്‍ക്കുള്ളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version