കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ പണം! ‘ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ യുടെ പ്രയോജനം സംസ്ഥാനത്തെ 25 ലക്ഷം പേര്‍ക്ക്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ ഭൂമിയുള്ള കര്‍ഷകര്‍ ഏറെയുള്ളതിനാല്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ച ‘ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’യുടെ പ്രയോജനം സംസ്ഥാനത്തെ 25 ലക്ഷത്തിലേറെപ്പേര്‍ക്ക് ഗുണം ചെയ്‌തേക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ ഭൂമിയുള്ള കര്‍ഷകര്‍ ഏറെയുള്ളതിനാല്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

സംസ്ഥാനത്ത് ഇപ്പോള്‍ 60 വയസ്സ് കഴിഞ്ഞ 3.56 ലക്ഷംപേര്‍ വരുമാനം, കുറഞ്ഞഭൂമി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 100 രൂപയുടെ വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ പെന്‍ഷന്‍ തുക 1200 ആകും. ഇതിനൊപ്പമാണ് വര്‍ഷം ആറായിരം രൂപ കൂടി കിട്ടുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കിസാന്‍ നിധി നടപ്പാക്കുന്നത്.

കൃഷിവകുപ്പില്‍ ിന്നു ആനുകൂല്യം കൈപ്പറ്റുന്നവര്‍, കൃഷിവായ്പ എടുത്തവര്‍ തുടങ്ങി ഒട്ടേറേ കര്‍ഷകര്‍ വേറെയുണ്ട്. ഇവരെയെല്ലാം പരിഗണിച്ചാല്‍ 25 ലക്ഷം പേര്‍ക്കെങ്കിലും കിസാന്‍ നിധി അനുകൂല്യം കിട്ടുമെന്നാണ് ഏകദേശ കണക്കെന്നു കൃഷിമന്ത്രി വിഎസ്. സുനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് പെന്‍ഷന്‍ കിട്ടാന്‍ പ്രായം നിശ്ചയിച്ചിട്ടുണ്ടെങ്കിലും കിസാന്‍ സമ്മാനനിധിയില്‍ അതു പറയുന്നില്ല. ബജറ്റില്‍ നിധി പ്രഖ്യാപിച്ചെങ്കിലും ഇത് നല്‍കുന്നതിന്റെ കൂടുതല്‍ വ്യവസ്ഥകള്‍ പുറത്തുവന്നിട്ടില്ല.

Exit mobile version