കേസ് പരിഗണിക്കുന്ന കോടതി മാറി; പടികള്‍ കയറി മുകളിലെത്താന്‍ രണ്ട് മിനിറ്റ് വൈകി; പ്രതികള്‍ക്കൊപ്പം പോലീസുകാരേയും പ്രതിക്കൂട്ടില്‍ കയറ്റി കോടതി!

രണ്ട് മിനിറ്റ് വൈകിയെന്ന കാരണത്താല്‍ പ്രതിക്കൂട്ടില്‍ കയറേണ്ടി വന്ന ഗതികേടിലാണ് പുളിങ്കുടി എസ്എപി ക്യാമ്പിലെ മൂന്ന് പോലീസുകാര്‍.

നെയ്യാറ്റിന്‍കര: പ്രതികളെയും കൊണ്ട് പടികള്‍ കയറി മുകളിലെ കോടതിയിലെത്തിയപ്പോഴേക്കും രണ്ട് മിനിറ്റ് വൈകിയെന്ന കാരണത്താല്‍ പ്രതിക്കൂട്ടില്‍ കയറേണ്ടി വന്ന ഗതികേടിലാണ് പുളിങ്കുടി എസ്എപി ക്യാമ്പിലെ മൂന്ന് പോലീസുകാര്‍. പ്രതികളെ ഹാജരാക്കേണ്ട കോടതി അവധിയായതിനാല്‍ മറ്റൊരു കോടതിയില്‍ ഹാജരാക്കാന്‍ രണ്ടു മിനിറ്റ് വൈകിയതാണ് പോലീസുകാരെ വലച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റ് പ്രതികള്‍ക്കൊപ്പം പോലീസുകാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. പോലീസുകാരുടെ ബെല്‍റ്റും തൊപ്പിയും അഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി മൂന്നില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ നാലു പ്രതികളെയാണ് ഹാജരാക്കേണ്ടിയിരുന്നത്. പുളിങ്കുടി എസ്എപി ക്യാമ്പിലെ പോലീസുകാരാണ് പ്രതികള്‍ക്കൊപ്പം എത്തിയത്. ഇവര്‍ പ്രതികളുമായി മൂന്നാം കോടതിയില്‍ ചെന്നപ്പോള്‍ മജിസ്ട്രേറ്റ് ആനി വര്‍ഗീസ് അവധിയിലാണെന്ന് അറിഞ്ഞു. ഉടന്‍ കോടതിയിലെ ക്ലാര്‍ക്ക് രേഖകള്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി. എന്നിട്ട് പോലീസുകാരോട് പ്രതികളുമായി രണ്ടാംകോടതിയില്‍ എത്താനാവശ്യപ്പെട്ടു.

താഴത്തെ നിലയില്‍നിന്നു പ്രതികളുമായി പോലീസുകാരായ നൂറുള്‍ അമീനും വിഷ്ണുവും ജിജി ശ്യാമും രണ്ടാംനിലയിലേക്കു പടികയറി എത്തിയപ്പോഴേക്കും മജിസ്‌ട്രേറ്റ് കേസ് വിളിച്ചിരുന്നു. രണ്ടു മിനിറ്റ് വൈകിയാണ് എത്തിയത്. ക്ഷുഭിതനായ മജിസ്ട്രേറ്റ് പ്രതികള്‍ക്കൊപ്പം പോലീസുകാരോടും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വൈകിയതിന് പോലീസുകാരെ റിമാന്‍ഡ് ചെയ്യുമെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസുകാര്‍ വൈകാനുണ്ടായ സാഹചര്യം മജിസ്ട്രേറ്റിനോടു വ്യക്തമാക്കി. ഇതിനുശേഷമാണ് പോലീസുകാരെ പ്രതിക്കൂട്ടില്‍ നിന്നിറങ്ങാന്‍ അനുവദിച്ചത്.

പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയ നടപടിക്കെതിരേ പോലീസുകാര്‍ മൂന്നുപേരും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു പരാതി നല്‍കി.

Exit mobile version