കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തന്നെ..! തിരുവനന്തപുരത്ത് ശ്രീധരന്‍ പിള്ളയോ..? സുരേഷ് ഗോപിയോ..? ചൂട് പിടിച്ച് ബിജെപി

പാലക്കാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ശക്തമാവുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത. അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് സൂചന.

കെ സുരേന്ദ്രന്‍ തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പരന്നതോടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. കേരളത്തിലെ പാര്‍ട്ടി ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബുധനാഴ്ചയാണ് കാസര്‍കോട്ട് നേതാക്കളുടെ യോഗം വിളിച്ചത്. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് കെ സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശം നല്‍കി എന്നാണ് അറിയുന്നത്.

പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. കെ സുരേന്ദ്രനെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തീരുമാനയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായി സമ്മതിച്ചിട്ടില്ല.

തിരുവനന്തപുരത്ത് ശശി തരൂരാണ് എതിരാളി. കുമ്മനം രാജശേഖരന്‍ വരുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ സമവായസാധ്യതയായി സുരേഷ് ഗോപിയുടെ പേര് വീണ്ടും പട്ടികയില്‍ ഇടം പിടിക്കും.

Exit mobile version