റോഡില്‍ തള്ളിയ കോഴിമാലിന്യത്തില്‍ ബൈക്ക് തെന്നി വീണു..! പോലീസുകാരനും മകള്‍ക്കും ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരം ജംക്ഷനില്‍ കോഴിമാലിന്യം റോഡില്‍ തള്ളിയതിനെ തുടര്‍ന്ന് ബൈക്ക് തെന്നി വീണ് അപകടം. പോലീസുകാരനും മകള്‍ക്കുമാണ് സാരമായി പരുക്ക് പറ്റിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

സ്‌പെഷല്‍ ബ്രാഞ്ച് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരന്‍ ആര്‍ പ്രമോദിനും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ മകള്‍ക്കുമാണു പരുക്കേറ്റത്. പ്രമോദിന് സാരമായി പരുക്ക് പറ്റി. ഇയാള്‍ ചികിത്സയിലാണ്.

മകളെ സ്‌കൂളിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്നു കോര്‍പറേഷന്‍ ശുചീകരണ വിഭാഗം തൊഴിലാളികളും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്നു മാലിന്യം വാരി മാറ്റിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല.

പരുത്തിപ്പാറ നിന്നും ഉള്ളൂര്‍ ഭാഗത്തേക്കു കൊണ്ടു പോയ മാലിന്യം അടങ്ങിയ ചാക്കുകളാണു റോഡില്‍ ഉപേക്ഷിച്ചത്. കേശവദാസപുരം ജംക്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

Exit mobile version