കേരളസര്‍ക്കാരുമായി മോഡിയെ താരതമ്യപ്പെടുത്തുന്ന തരംതാണ രാഷ്ട്രീയമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനുള്ളൂ! രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

തൃശൂര്‍: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തിനിടെ കേരള സര്‍ക്കാരിനെ മോഡി സര്‍ക്കാരുമായി താരതമ്യം ചെയ്ത സംസാരിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍.

കേരളത്തില്‍ വന്ന് തൊഴിലെവിടെ , സ്‌കൂളെവിടെ , ആസ്പത്രിയെവിടെയെന്ന് ചോദിക്കും മുമ്പ് നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഡല്‍ഹിയില്‍ കഴിഞ്ഞ നാലു വര്‍ഷം ചോദിക്കേണ്ട ചോദ്യങ്ങള്‍ നിങ്ങള്‍ നരേന്ദ്രമോഡിയോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ നാട് ഇത്ര കുട്ടിച്ചോറ് ആകില്ലായിരുന്നുവെന്ന് ശ്രീജിത്ത് ദിവാകരന്‍ കുറ്റപ്പെടുത്തി.

ഇടതു പക്ഷവും, ദളിതരും, കര്‍ഷകരും എല്ലാവരും കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ബിജെപിയെ തോല്‍പ്പിക്കുക എന്നത് അവരുടെ കൂടി ലക്ഷ്യവും മാര്‍ഗ്ഗവും ആയതിനാലാണ് . അത്‌കൊണ്ട് തന്നെയാണ്പല വിയോജിപ്പുകളും മാറ്റിവച്ച് ഈ സമൂഹങ്ങളൊക്കെ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ ഫാഷിസ്റ്റ് സര്‍ക്കാരിനെ ജനാധിപത്യസംവിധാനത്തില്‍ നിന്ന് കെട്ട് കെട്ടിക്കാം എന്നത് തന്നെയാണ് സാധ്യത. അതിനിടയില്‍ ചരിത്രബോധമില്ലാതെ, സാമാന്യയുക്തിയില്ലാതെ സംസാരിക്കരുത്.

പണ്ട്, പ്രായാധിക്യം കൊണ്ട് വീല്‍ ചെയറിലിരിക്കുന്ന നേതാവിന് വോട്ടു ചോദിച്ച് കേരളത്തിലെത്തി ഇവിടത്തെ നേതാവിന്റെ പ്രായത്തെ പരിഹസിച്ച ആ അപക്വ രാഷ്ട്രീയത്തില്‍ നിന്ന് നിങ്ങള്‍ വളരണം. ചുരുങ്ങിയ പക്ഷം കേരളത്തിലെ നിങ്ങളുടെ നേതാക്കളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന യുക്തിയെങ്കിലും നിങ്ങള്‍ക്കുണ്ടാകണം. അല്ലാതെ ജനങ്ങളെ വിഭജിപ്പിക്കുന്ന മോഡിയെ കേരളസര്‍ക്കാരുമായി താരതമ്യപ്പെടുത്തുന്ന തരംതാണ രാഷ്ട്രീയമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനുള്ളൂവെന്ന് ശ്രീജിത്ത് ദിവാകരന്‍ വിമര്‍ശിച്ചു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു ശ്രീജിത്തിന്റെ വിമര്‍ശനം.

ഫേയ്‌സ് ബുക്ക് കുറിപ്പ്:

‘ഇന്നാണ് രാഹുല്‍ ഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ തൊഴിലെവിടെ, സ്‌ക്കൂളെവിടെ, ആസ്പത്രിയെവിടെ ഡിഫോള്‍ട്ട് പ്രസംഗം കേട്ടത്. പല വട്ടം കേട്ടു നോക്കി. കൃത്യമായാണ് പറയുന്നത്. ആ സെന്റന്‍സ് കാണാപാഠം പഠിച്ച് സിസ്റ്റത്തില്‍ സേവ് ചെയ്തതാണ്. ‘ഡല്‍ഹിയില്‍ പ്രധാനമന്ത്രിയോട് ചോദിക്കുന്നത് തന്നെ ഞാനിവിടെ മുഖ്യമന്ത്രിയോടും ചോദിക്കുന്നു: എവിടെയാണ് ജോലികള്‍? എവിടെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍? എവിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍?’.

ആറു മാസം മുമ്പ് സുഖമായിരുന്നു. ഇതെവിടെ ചെന്നും ചോദിക്കാമായിരുന്നു. കാരണം കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥലമില്ലായിരുന്നല്ലോ.

മിസ്റ്റര്‍ രാഹുല്‍ ഗാന്ധി, ഒരു കാര്യം ഓര്‍ക്കണം. ഡല്‍ഹിയില്‍ കഴിഞ്ഞ നാലു വര്‍ഷം ചോദിക്കേണ്ട ചോദ്യങ്ങള്‍ നിങ്ങള്‍ നരേന്ദ്രമോഡിയോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ നാട് ഇത്ര കുട്ടിച്ചോറ് ആകില്ലായിരുന്നു. അതു ചോദിക്കാന്‍ തക്ക പ്രതിപക്ഷ ശേഷി നിങ്ങള്‍ക്കില്ലാതിരുന്നത് എന്തുകൊണ്ടാണ് എന്നോര്‍ക്കണം. പാര്‍ലമെന്റിലോ പുറത്തോ മൂന്നര നാലുകൊല്ലക്കാലം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോലും ആളില്ലാതായതെങ്ങനെ നിങ്ങള്‍ക്ക് എന്നാലോചിക്കണം.

മിസ്റ്റര്‍ രാഹുല്‍ ഗാന്ധി, ഈ ജനവരി ഒന്നിന് ഞാന്‍ ഡല്‍ഹിയിലായിരുന്നു. തണുത്തു വിറച്ച ജനവരി ഒന്നുകളില്‍ രാവിലെ ഡല്‍ഹിയിലെ നിരത്തുകള്‍ എത്രമാത്രം ശൂന്യമായിരിക്കുമെന്ന് താങ്കള്‍ക്കറിയാം. എന്നിട്ടും സഫ്ദര്‍ജംഗ് റോഡ് ബസുകളാലും കാറുകളാലും ബ്ലോക്കായിരുന്നു ഇത്തവണ. നൂറുകണക്കിന് വാഹനങ്ങള്‍. മിക്കവാറും എം.പി രജിസ്ട്രേഷന്‍. എന്തു സംഭവിച്ചുവെന്നറിയാന്‍ ഇറങ്ങി നോക്കിയപ്പോള്‍ കണ്ടത് നിങ്ങളുടെ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ജന്മദിനമാണ്, ആഘോഷിക്കാനും ആശംസിക്കാനും എത്തിയവാണ് എന്നാണ്. സന്തോഷം തോന്നി. കോണ്‍ഗ്രസിന് ഇത്രയൊക്കെ ആളുണ്ടായല്ലോ.

നീണ്ട പതിനഞ്ച് കൊല്ലത്തിന് ശേഷം മധ്യപ്രദേശില്‍ ഭരണം തിരിച്ചുകിട്ടുമ്പോള്‍ ആശംസപറയാനെത്തിയ ആ കോണ്‍ഗ്രസുകാര്‍ നിരന്ന് നിന്നുവെങ്കില്‍ എത്രയോ കാര്‍ഷിക ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇക്കാലത്തിനിടയില്‍ ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടന പോലും മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തിറങ്ങി. അവര്‍ കാര്‍ഷിക സമരങ്ങളെ ഒത്തു തീര്‍പ്പാക്കി സമരങ്ങള്‍ ഒതുക്കാനായി ശ്രമിച്ചപ്പോള്‍ മുമ്പോട്ട് വന്നത് ഇടത്പക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംഘടകളായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഈ കാര്‍ഷിക സംഘടനളാണ് അടിത്തട്ടില്‍ മണ്ണിളക്കിയത്. മഹാരാഷ്ട്രയില്‍ അവര്‍ നടത്തിയ പ്രക്ഷോഭം ഡല്‍ഹി വരെ പടര്‍ന്നു. ലോകം ചര്‍ച്ച ചെയ്തു. തെലങ്കാനയില്‍ നിന്ന് ഉയര്‍ന്ന ദളിത് സംഘടനകളുടെ സമരം ഉനയിലും ഭീം കോറഗാവിലും ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ പടര്‍ന്നതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജീവവായു നല്‍കിയത്.

പല വിയോജിപ്പുകളും മാറ്റിവച്ച് ഈ സമൂഹങ്ങളൊക്കെ കോണ്‍ഗ്രസ് പിന്തുണ നല്‍കിയത ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നത് അവരുടെ കൂടി ലക്ഷ്യവും മാര്‍ഗ്ഗവും ആയതിനാലാണ്. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ ഫാഷിസ്റ്റ് സര്‍ക്കാരിനെ ജനാധിപത്യസംവിധാനത്തില്‍ നിന്ന് കെട്ട് കെട്ടിക്കാം എന്നത് തന്നെയാണ് സാധ്യത. അതിനിടയില്‍ ചരിത്രബോധമില്ലാതെ, സാമാന്യയുക്തിയില്ലാതെ സംസാരിക്കരുത്. പണ്ട്, പ്രായാധിക്യം കൊണ്ട് വീല്‍ ചെയറിലിരിക്കുന്ന നേതാവിന് വോട്ടു ചോദിച്ച് കേരളത്തിലെത്തി ഇവിടത്തെ നേതാവിന്റെ പ്രായത്തെ പരിഹസിച്ച ആ അപക്വ രാഷ്ട്രീയത്തില്‍ നിന്ന് നിങ്ങള്‍ വളരണം.

ചുരുങ്ങിയ പക്ഷം കേരളത്തിലെ നിങ്ങളുടെ നേതാക്കളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പാടില്ല എന്ന യുക്തിയെങ്കിലും നിങ്ങള്‍ക്കുണ്ടാകണം. അല്ലെങ്കില്‍ ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷം നാണക്കേടോടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നുവെന്ന് തരത്തിലുള്ള അശ്ലീലമിനിയും പ്രസംഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരും. അല്ല, ജനങ്ങളെ വിഭജിപ്പിക്കുന്ന മോഡിയെ കേരളസര്‍ക്കാരുമായി താരതമ്യപ്പെടുത്തുന്ന തരംതാണ രാഷ്ട്രീയമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനുള്ളൂ.

പൊതു തിരഞ്ഞെടുപ്പാണ് വരുന്നത്. പ്ലീസ് ബിഹേവ് യുവേഴ്സെല്‍ഫ്!

Exit mobile version