നമ്പി നാരായണനെതിരെ വിവാദ പരാമര്‍ശം ഉന്നയിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; നിയമോപദേശം തേടി

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച സംഭവത്തിലാണ് സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടി. കോഴിക്കോടുള്ള പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്.

പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടിപി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഈ വിവാദ പരാമര്‍ശത്തിനെതിരെയാണ് പരതി നല്‍കിയത്.

അതേസമയം സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് തനിക്ക് അറിയില്ലെന്നും ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന ഒരു കോടി രൂപയുടെ മാനനഷ്ട കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ മറുപടി നല്‍കിയിരുന്നു.

Exit mobile version