മത്സ്യലഭ്യത കുറഞ്ഞതോടെ കടുത്ത ആശങ്കയില്‍ വീട്ടിലിരിപ്പ്; അപ്രതീക്ഷിതമായി ഭാരതപ്പുഴയില്‍ കല്ലുമ്മക്കായ ചാകര! പുഴയുടെ കനിവ് ആശ്വാസം പകര്‍ന്നത് ഒരു കൂട്ടം മത്സ്യതൊഴിലാളികള്‍ക്ക്

ഒരു കുട്ടക്ക് 700 രൂപയാണ് കിട്ടുന്നത്.

ഷൊര്‍ണ്ണൂര്‍: മത്സ്യലഭ്യത കുറഞ്ഞതോടെ കടുത്ത ആശങ്കയില്‍ വീട്ടില്‍ ഇരുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് അപ്രതീക്ഷിത കല്ലുമ്മക്കായ ചാകര. ഭാരതപ്പുഴ തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവ് ഭാഗത്താണ് അപ്രതീക്ഷിത കല്ലുമ്മക്കായ ചാകര ഉണ്ടായത്.

മല്‍സ്യലഭ്യത കുറഞ്ഞ സമയത്തെ കല്ലുമ്മക്കായ ചാകര പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. പുറത്തൂര്‍ പള്ളിക്കടവിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് ഈ സൗഭാഗ്യം കൈയ്യില്‍ വന്നത്. ഒരാഴ്ചയായി മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണിത്. ആദ്യമായാണ് പള്ളിക്കടവ് ഭാഗത്ത് കല്ലുമ്മക്കായ കിട്ടുന്നത്.

മല്‍സ്യത്തൊഴിലാളികളെല്ലാം തന്നെ അതിരാവിലെ മുതല്‍ പുഴയിലിറങ്ങും ഉച്ചവരെ കല്ലുമ്മക്കായ വാരും. ഒരു കുട്ടക്ക് 700 രൂപയാണ് കിട്ടുന്നത്. ചാകരയുടെ വാര്‍ത്ത അറിഞ്ഞ് ഇത് കാണാന്‍ നിരവധിപേരാണ് എത്തുന്നത്. പ്രളയസമയത്ത് പല സ്ഥലങ്ങളിലേയും കല്ലുമ്മക്കായ കൃഷി ഒലിച്ചുപോയിരുന്നു. അങ്ങനെ പള്ളിക്കടവില്‍ എത്തിയതാവാം എന്നാണ് നിഗമനം.

Exit mobile version