ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നത് മണിക്കൂറുകള്‍ക്കൊണ്ട്, ഏതുനിമിഷവും പുഴ കരകവിയും, ആശങ്കയിലായി പുഴയോരവാസികള്‍

പൊന്നാനി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത്താവുന്ന അവസ്ഥയിലാണ്. ശക്തമായ കുത്തൊഴുക്ക് ഭീതി ഉയര്‍ത്തുകയാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലായിരിക്കുകയാണ്.

ഭാരതപ്പുഴയിലെ ജലനിരപ്പ് 3.3 മീറ്റര്‍ ഉയരത്തിലേക്ക് എത്താറായി. പ്രളയമുണ്ടായ കഴിഞ്ഞ 2 വര്‍ഷങ്ങളിലും ഈ സമയത്ത് ഇത്രയധികം ജലനിരപ്പുണ്ടായിരുന്നില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മണിക്കൂറുകള്‍ കൊണ്ടാണ് പുഴയിലെ ജലനിരപ്പില്‍ മാറ്റം വരുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പ്രളയ കാലത്ത് ഭാരതപ്പുഴയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് 5.4 മീറ്ററായിരുന്നു. കഴിഞ്ഞ വര്‍ഷം 5.3 മീറ്റര്‍ ഉയരത്തിലായിരുന്നു ജലമെത്തിയിരുന്നത്. പുഴയില്‍ 2 മീറ്റര്‍ കൂടി ജലം ഉയര്‍ന്നാല്‍ പ്രളയ സാഹചര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത.

ഈശ്വരമംഗലം പുഴയോര ഭാഗങ്ങളില്‍ കര്‍മ റോഡിനടിയിലെ പൈപ്പിലൂടെ ജലം കരയിലേക്ക് ഇരച്ചു കയറുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതേസമയം, കോവിഡ് വ്യാപന ആശങ്കയുള്ളതിനാല്‍ മാറിത്താമസിക്കുന്ന കാര്യവും വിഷമകരമാണ്. പലരും ബന്ധുവീടുകളില്‍ അഭയം തേടാനുള്ള ഒരുക്കത്തിലാണ്.

Exit mobile version