കോട്ടയത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയില്‍ ഒരുമാസത്തിനിടയില്‍ മഞ്ഞപ്പിത്തം ബാധിച്ചത് പത്ത് പേര്‍ക്ക്; രോഗം പിടിമുറുക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയില്‍

പ്രദേശത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകള്‍ ശുചീകരിക്കാന്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല

കോട്ടയം: കോട്ടയത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു മാസത്തിനിടയില്‍ മഞ്ഞപ്പിത്തം ബാധിച്ച് പത്തോളം പേരാണ് ചികിത്സ തേടിയത്. പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയിലാണ്.

പ്രദേശത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകള്‍ ശുചീകരിക്കാന്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതിനും നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങള്‍ തോട്ടില്‍ കെട്ടിക്കിടക്കുകയാണ്. ഈ കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങള്‍ കുടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പ്രദേശത്ത് പടര്‍ന്ന് പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശുചീകരണം ഇത് വരെ തുടങ്ങിയിട്ടില്ല. അതേ സമയം സമീപ പ്രദേശങ്ങളിലെ കച്ചവടക്കാരാണ് മാലിന്യം തള്ളുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

അതേ സമയം ഈ കൈത്തോട്ടിലെ മലിനജലം തന്നെയാണ് ചിറ്റാര്‍പുഴയിലേക്കും ഒഴുകുന്നത്. ഇതിനു പുറമെ പുഴയിലേക്ക് മാലിന്യങ്ങള്‍ നേരിട്ട് തള്ളുന്ന അവസ്ഥയുമുണ്ട്. പല സ്ഥാപനങ്ങളുടേയും ശുചിമുറികളില്‍ നിന്നുള്ള മാലിന്യവും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്.

Exit mobile version