ഐഎസ്ആര്‍ഒ ചാരക്കേസ്; അസംബന്ധം പുലമ്പാതെ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അത് പുറത്ത് വിടൂ, സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് നമ്പി നാരായണന്‍

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സെന്‍കുമാറിന്റെ അവകാശവാദം. പത്മഭൂഷണ്‍ അവാര്‍ഡ് നേടാന്‍ എന്ത് യോഗ്യതയാണ് നമ്പി നാരായണനുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് നമ്പി നാരായണന്‍ രംഗത്തെത്തിയത്.

എനിക്കെതിരെ എന്തൊക്കയോ രേഖകളുണ്ടെന്നാണ് സെന്‍കുമാര്‍ പറയുന്നു. എങ്കില്‍ അതെല്ലാം ഹാജറാക്കൂ.. ഉചിതമായ സമിതിയില്‍ അത് സമര്‍പ്പിക്കാനുള്ള സമയം ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോഴും ഏതെങ്കിലും സബ് കോടതിയില്‍ അത് സമര്‍പ്പിക്കാം. തെളിവ് കൈയിലുണ്ടായിട്ടും അത് കൊടുക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി..

മാത്രമല്ല ചാരക്കേസ് തുടങ്ങിയതോടെ താന്‍ വളന്ററി റിട്ടയര്‍മെന്റിന് അപേക്ഷിച്ചുവെന്ന സെന്‍കുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അസംബന്ധമാണ് പറയുന്നത്. വളന്ററി റിട്ടയര്‍മെന്റ് എന്നത് ഇന്റേണല്‍ മാറ്ററണ്. ഈ കാര്യം എല്ലാ കോടതിയും കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ചാരക്കേസ് തുടങ്ങുന്നതിന് മുമ്പ് ഞാന്‍ വളന്റിര്‍ റിട്ടയര്‍മെന്റിന് അപേക്ഷിച്ചിട്ടുണ്ട്. അതൊക്കെ കോടതി വിധിയിലും പറഞ്ഞിട്ടുള്ള കാര്യമാണെന്ന് നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ പങ്കെന്തെന്ന് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന വെപ്രാളമാണ് സെന്‍കുമാറിനെന്ന് നമ്പി നാരായണന്‍ പറഞ്ഞു. താന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് നല്‍കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷിയാണ് സെന്‍കുമാര്‍.

ചാരക്കേസില്‍ പങ്കുള്ള ഉദ്യോഗസ്ഥരുടെ പങ്കെന്തെന്നുള്ള അന്വേഷണത്തിനിടെ താന്‍ മരിച്ചുപോയാല്‍ ജുഡീഷ്യല്‍ സമിതി അന്വേഷണം നിര്‍ത്തില്ല. ഇതില്‍ പങ്കുള്ള സെന്‍കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുന്നത് വരെ അന്വേഷണം തുടരുമെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

Exit mobile version