ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയത്; വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെ വിമര്‍ശിച്ച്
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് ഭാരതരത്‌നം നല്‍കിയത്. ഇതിലൂടെ പുരസ്‌കാരത്തിന്റെ മഹിമ കളഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു.എന്നാല്‍ പ്രണബിന് ഭാരതരത്‌ന നല്‍കിയ നടപടിയെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയാണ് ചെയ്തത്.

നമ്പിനാരായണനെ ഒരു കൊലപാതകിയുമായി സെന്‍കുമാര്‍ താരതമ്യം ചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍കുമാറിനെ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. നമ്പി നാരായണന് പത്മഭൂഷണ്‍ കൊടുത്തതിനെ പറ്റി ഒന്നും പറയുന്നില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. 1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുള്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

Exit mobile version