വീട് അവര്‍ ചുട്ടുചാമ്പലാക്കി, പക്ഷേ അസ്‌കറിന്റെ ഉള്ളില്‍ പ്രണയത്തീ ആളിക്കത്തി; ഒറ്റ രാത്രികൊണ്ട് സഹല അസ്‌കറിന്റെ സ്വന്തമായി

കണ്ണൂര്‍: സ്വന്തം വീട് ചുട്ടുചാമ്പലാക്കിയപ്പോഴും സഹലയോടുള്ള അസ്‌കറിന്റെ പ്രണയത്തീ ആളിക്കത്തുകയായിരുന്നു. സാമ്പത്തിക അന്തരത്തിന്റെ പേരില്‍ അവളുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചപ്പോഴും എന്ത് വന്നാലും അവളെ കൈവിടില്ലെന്ന വാക്ക് മുറുകെപിടിച്ചു. അങ്ങനെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് സഹല അസ്‌കറിന്റെ സ്വന്തമായി.

എംബിബിഎസ് വിദ്യാര്‍ഥിയായ സഹലയുമായുള്ള സാമ്പത്തിക അന്തരത്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസ്‌കറിന്റെ (27) വീട് സഹലയുടെ വീട്ടുകാര്‍ തീയിട്ടത്. അങ്ങനെ വിവാഹം എന്ന തീരുമാനത്തിലേക്ക് ഒറ്റ രാത്രി കൊണ്ട് ഇരുവരും എത്തി. സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ സഹലയെ അസ്‌കര്‍ നിക്കാഹ് ചെയ്തു.

ഞങ്ങളൊരു നാട്ടുകാരാണ്. മൂന്നു വര്‍ഷം മുമ്പ് ഒരു സുഹൃത്ത് വഴിയാണ് സഹലയെ പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തപ്പോള്‍ ഒരിക്കലും പിരിയാന്‍ പറ്റാത്ത വിധം ഇഷ്ടം തോന്നി. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ഇടയ്ക്ക് സാമ്പത്തിക അന്തരം പ്രശ്‌നമായിരുന്നില്ല.

പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ മുതല്‍ അതില്‍ നിന്നു പിന്‍തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഹോസ്റ്റലില്‍ നിന്നു ബലമായി വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. വീട്ടുകാര്‍ക്കെതിരെ ഇതിനെത്തുടര്‍ന്ന് ഞാന്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് ഊരിപ്പോരാന്‍ എന്നെ കൊല്ലുക എന്ന ഒറ്റ വഴിയെ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഒന്നിലും ഞങ്ങള്‍ വഴങ്ങില്ലെന്നു മനസിലായപ്പോഴാണ് എന്റെ വീട് കത്തിച്ചതും.

വീട് കത്തിക്കുന്നതിനു മുമ്പ് ഉച്ചയ്ക്ക് അവളുടെ ചേട്ടനും ബന്ധുക്കളും എന്നെ ആക്രമിച്ചു. പരിക്കേറ്റ് ഞാന്‍ ആശുപത്രിയിലായ സമയത്താണ് ഇവര്‍ വീട് കത്തിച്ചത്. ഞാന്‍ ആശുപത്രിയിലാണ് ഉടന്‍ പുറത്തിറങ്ങില്ലെന്നു കരുതി അവര്‍ സഹലയെ മാനസികപ്രശ്‌നമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഇത് അവള്‍ എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടി. എന്റെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

അവസരം കിട്ടിയപ്പോള്‍ അവളും ആശുപത്രിയില്‍ നിന്നു രക്ഷപെട്ട് എന്റെ അടുത്ത് എത്തി. ഉടന്‍ തന്നെ ഞങ്ങള്‍ അവളെ വനിതാസെല്ലില്‍ എത്തിച്ചു. അവിടെ നിന്നും നേരത്തെ കൊടുത്ത പരാതിയുടെ കോപ്പിയുമായി കോടതി സമീപിച്ചു. ജഡ്ജിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ അവള്‍ എന്റെ കൂടി വന്നാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചുനിന്നു.

വിവാഹം കഴിക്കാന്‍ കോടതി അനുവദിച്ചതോടെ വീട്ടുകാര്‍ക്ക് വേറെ വഴിയില്ലാതെയായി. പക്ഷെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അവര്‍ അറിയിച്ചു. മുസ്ലീം ആചാരം അനുസരിച്ച് പെണ്‍കുട്ടിയുടെ അച്ഛനാണു വിവാഹം നടത്തി തരേണ്ടത്. അതിനുള്ള അനുവാദം അവര്‍ പള്ളിയിലെ ഉസ്താദിന് നല്‍കി. രാത്രിയോടെയാണ് ഇതെല്ലാം കിട്ടുന്നത്. ഒട്ടുവൈകിക്കാന്‍ നിന്നില്ല, രാത്രി പത്തുമണിയോടെ ഞാന്‍ സഹലയെ നിക്കാഹ് ചെയ്തു.

എന്റെ വീട് ഏതാണ്ട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഞങ്ങളിപ്പോള്‍ കുടുംബവീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമായി മാറിനില്‍ക്കുകയാണ്. വീട്ടുകാര്‍ എന്തെങ്കിലും ചെയ്യുമോയെന്ന ഭയം ഇപ്പോഴുമുണ്ട്. ഭാഗ്യം കൊണ്ടാണ് എന്റെ ഉപ്പയേയും ഉമ്മയേയും ജീവനോടെ കിട്ടിയത്. സഹലയ്ക്കു വേണ്ടിയാണ് എല്ലാ അടിയും ഇടിയും കൊണ്ടത്. എന്തുവന്നാലും അവളെ കൈവിടില്ല. എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് സഹല. ഇനിയുള്ള എന്റെ ലക്ഷ്യം സഹലയെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നുള്ളതാണ്. അക്‌സര്‍ പറയുന്നു.

Exit mobile version