ആചാരം ലംഘിച്ചതിന് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന് ഭരത് ഭൂഷണ്‍; ‘തെറ്റു ചെയ്യാതെ മാപ്പു പറയില്ല’, സഹോദരനെ തള്ളി കനകദുര്‍ഗ്ഗ

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗ്ഗയ്ക്ക് സഹോദരന്റെ താക്കീത്. ആചാരം ലംഘിച്ചതിന് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണം എന്നാണ് സഹോദരന്‍ പറഞ്ഞത്. അതേസമയം സഹോദരന്റെ വാക്കുകള്‍ തള്ളുകയായിരുന്നു യുവതി. താന്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ആരോടും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി.

യുവതിക്ക് വീട്ടില്‍ പ്രവേശിക്കണമെങ്കില്‍ പരസ്യമായി അയ്യപ്പഭക്തരോട് മാപ്പ് പറയണമെന്ന് സഹോദരന്‍ ഭരത് ഭൂഷണും,കനക ദുര്‍ഗ്ഗയുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കനക ദുര്‍ഗയുടെ പ്രതികരണം.

‘ഞാന്‍ ആരോടും മാപ്പ് പറയാന്‍ പോകുന്നില്ല. വാക്കാലോ പ്രവര്‍ത്തിയാലോ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സഹോദരനും, ഭര്‍ത്താവിനും, ആര്‍ക്കും, ഞാന്‍ വീട്ടില്‍ കയറുന്നത് തടയാന്‍ അവകാശമില്ല’. കനകദുര്‍ഗ പറഞ്ഞു. എന്നെ പുറത്താക്കിയതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിക്ക് ഒരു പങ്കുണ്ട്. കോടതി ഉത്തരവും കൊണ്ടായിരിക്കും ഞാന്‍ വീട്ടില്‍ കയറുക. കനക കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സര്‍ക്കാരിന്റെ അഗതി മന്ദിരത്തിലാണ് കനകദുര്‍ഗ്ഗയുടെ താമസം.

Exit mobile version