സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില; 10 ദിവസത്തില്‍ 45 രൂപയുടെ വര്‍ധനവ്

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില. ഒരു കിലോ കോഴിക്ക് 138രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നത്.

10 ദിവസം മുന്‍പ് ഒരുകിലോ കോഴിയുടെ വില 93 രൂപയായിരുന്നു. ദിവസങ്ങള്‍ക്കകം കൂടിയത് 45 രൂപ. ഒരു കിലോ ഇറച്ചിക്ക് 230 രൂപ നല്‍കണം. ഇതാദ്യമായാണ് സംസ്ഥാനത്ത് ചിക്കന് ഇത്രയും വില കൂടുന്നത്. രണ്ടരവര്‍ഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയിരുന്നു.

ജിഎസ്ടി നടപ്പാക്കിയ ശേഷം കുറഞ്ഞ കോഴിവില, 150ലേക്ക് ഉടനെത്തുമെന്നാണ് മൊത്തക്കച്ചവടക്കാരും കോഴി കര്‍ഷകരും പറയുന്നത്. പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാര്‍ കുറഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലെ നാമക്കല്ലിലും കോഴിവളര്‍ത്തല്‍ ഗണ്യമായി കുറഞ്ഞു. അതിര്‍ത്തി കടന്നുളള കോഴി വരവ് നിലച്ചതോടെയാണ് ചിക്കന് പൊളളുന്ന വില.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയിലിടപ്പെട്ടാണ് കോഴി വില നിയന്ത്രിച്ചത്. തുടര്‍ന്നും വിപണിയിലിടപ്പെട്ട് വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. ആഭ്യന്തര ഉല്‍പാദനത്തിന് പ്രോത്സാഹന നിലപാട് സര്‍ക്കാരെടുത്തില്ലെങ്കില്‍ കോഴിവില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒപ്പം ഹോട്ടലുകളിലെ കോഴി വിഭവങ്ങള്‍ക്കും വിലകൂടുകയും ചെയ്യും.

Exit mobile version