മണ്ഡലകാലം ആരംഭിക്കാന്‍ ഇനി വെറും 24 ദിവസം മാത്രം ബാക്കി..! തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: സമീപകാലത്ത് കേരളം നേരിട്ട ശക്തമായ പ്രതിഷേധമായിരുന്നു ശബരിമല യുവതീ പ്രവേശനം. നിരവധി പേര്‍ യുവതീ പ്രവേശനം എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ ഏറെ പേര്‍ യുവതി പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തി.

എന്നാല്‍ വിശ്വാസികള്‍ക്ക് താല്‍കാലിക ആശ്വാസമായി ശബരിമല നട അടച്ചെങ്കിലും വിശ്വാസികള്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം മണ്ഡലകാലമാണ്. ഇനി വെറും 24 ദിവസം ബാക്കി നില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ക്ക് ഇന്നത്തെ യോഗത്തില്‍ രൂപം നല്‍കും. യുവതീപ്രവേശന വിധിവന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. കനത്ത പോലീസ് സുരക്ഷയില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ രാത്രിയോടെ അടച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. തുലാമാസ പൂജാദിവസങ്ങളില്‍ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂല വിധി പ്രതീക്ഷിക്കരുതെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞതോടെ വീണ്ടും നിലപാട് മാറ്റി. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ന് യോഗം ചേരുന്നത്.

Exit mobile version