റെഡ് ലൈറ്റടിച്ച് കാസര്‍കോട്..! രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു

കാസര്‍കോട്: രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് രാജധാനിയുടെ സര്‍വ്വീസ്. നിലവില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ മംഗളൂരു ജംഗ്ഷനില്‍ മാത്രമായിരുന്നു സ്‌റ്റോപ്പ് ഉണ്ടായിരുന്നത്.

ഇതോടെ വര്‍ഷങ്ങളായി തുടരുന്ന ആവശ്യമാണ് പൂവണിഞ്ഞത്. പി കരുണാകരന്‍ എംപി ഈ ആവശ്യമുന്നയിച്ച് നിരവധി തവണ കേന്ദ്രമന്ത്രിയുള്‍പെടെയുള്ളവരെ സന്ദര്‍ശിച്ചിരുന്നു. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എംപി നടത്തിയ നിരാഹാരസമരത്തിലും ഈ ആവശ്യം ഉന്നയിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താല്‍പര്യമെടുത്ത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യമായി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു. സ്‌റ്റോപ്പ് അനുവദിച്ചതായി അറിയിച്ചെങ്കിലും ഉദ്ഘാടനം ഉള്‍പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.

ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് വൈകിട്ട് 7.15ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസ് (1231) പുലര്‍ച്ചെ 3.28ന് ആണ് കണ്ണൂരില്‍ എത്തുന്നത്. നാലരയോടെ കാസര്‍കോടുവഴി കടന്നുപോകുന്ന ട്രെയിന്‍ അഞ്ചരയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. തിരിച്ച് പകല്‍ 10.55ന് എച്ച് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസ് (1232) രണ്ടാംദിവസം വൈകിട്ട് 5.50ന് മംഗളൂരുവില്‍ എത്തും. രാത്രി ഏഴോടെ കാസര്‍കോടുവഴി കടന്നുപോകുന്ന ട്രെയിന്‍ 8.03ന് കണ്ണൂരില്‍ എത്തും.

Exit mobile version