ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ല; ഡ്രൈവറായിരുന്ന അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയെന്നും പോലീസ്

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച പ്രശസ്തസംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. പോലീസ് ഇക്കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തിയിരുന്നു. പാലക്കാട്ടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

എന്നാല്‍ അന്വേഷണത്തില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകളൊന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ബാലഭാസ്‌കറിന് നല്‍കാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നല്‍കിയെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കി. ഇതിന്റെ ബാങ്ക് രേഖകളും ഡോക്ടര്‍ പോലീസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം അപകടം സംഭവിക്കുമ്പോള്‍ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ബാലഭാസ്‌കറിന്റെ ബന്ധു അര്‍ജുന്‍ രണ്ടു ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും പോലീസ് വെളിപ്പെടുത്തുന്നു. പോലീസ് റിപ്പോര്‍ട്ട്. ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എടിഎമ്മിലെ പണം കവര്‍ന്ന കേസിലെ പ്രതികളെ സഹായിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നതെന്നും അല്ലെന്നും ഒക്കെ വ്യത്യസ്തമായ മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചേക്കും.

Exit mobile version