മുനമ്പം മനുഷ്യക്കടത്ത്: ഭക്ഷണവും ഇന്ധനവും തീര്‍ന്നു; സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക്

230 പേരുമായി ന്യൂസീലാന്‍ഡിലേക്ക് പുറപ്പെട്ട സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന.

തിരുവനന്തപുരം: ഒരാഴ്ച മുമ്പ് മുനമ്പം തീരത്തു നിന്നും മനുഷ്യക്കടത്തിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസീലാന്‍ഡിലേക്ക് പുറപ്പെട്ട സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന. ബോട്ടില്‍ കരുതിയ ഇന്ധനവും ഭക്ഷണശേഖരവും തീര്‍ന്നു തുടങ്ങിയതാണ് ഇതിന് കാരണമെന്ന് പോലീസ് കരുതുന്നു.

ഒരാഴ്ച മുമ്പ് മുനമ്പത്തുനിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നതായും പോലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗം ന്യൂസീലാന്‍ഡിലേക്ക് 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസത്തെ യാത്ര അത്യവശ്യമാണ് ന്യൂസീലന്‍ഡ് തീരത്തെത്താന്‍. ബോട്ടില്‍ ഒറ്റയടിക്കുള്ള ദൈര്‍ഘ്യമേറിയ യാത്ര പ്രയാസമായതിനാലാകണം ഇന്തോനേഷ്യയിലേക്ക് പോകുന്നതെന്നും പോലീസ് സംശയിക്കുന്നു.

ഡല്‍ഹി അംബേദ്കര്‍ കോളനി,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ വംശജരാണ് രാജ്യത്തു നിന്നും വിദേശത്തേക്ക് അനധികൃതമായി കടന്നത്. സംഭവത്തില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. നയതന്ത്ര ഇടപെടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.

Exit mobile version