സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാല്‍ ഇനി പത്തു വര്‍ഷത്തെ തടവ്; വാഗ്ദാനം നല്‍കി പീഡിപ്പിച്ചാലും കുറ്റകൃത്യം

ന്യൂഡല്‍ഹി: സ്വന്തം സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാല്‍ ഇനി പത്തു വര്‍ഷത്തെ തടവുശിക്ഷ. വിവാഹമോ ജോലിയോ സ്ഥാനക്കയറ്റമോ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതും ഇനി പത്തു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാകും. പുതുതായി വരാന്‍ പോകുന്ന ക്രിമിനല്‍ നിയമങ്ങളിലാണു വിവാഹവും ലൈംഗികബന്ധവുമായി ബന്ധപ്പെട്ടുള്ള കടുത്ത ശിക്ഷകളുള്ളത്.

ഇതാദ്യമായാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഐ.പി.സി, സി.ആര്‍.പി.സി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകള്‍ ആഗസ്റ്റ് 11നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ നിയമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക വകുപ്പുകളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും അവര്‍ നേരിടുന്ന ഒരുപാട് പ്രശ്നങ്ങളും ബില്ലില്‍ അഭിസംബോധന ചെയ്യുന്നുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പീഡിപ്പിക്കുന്നതും വ്യാജ സ്വത്വം കാണിച്ചു വിവാഹം കഴിക്കുന്നതുമെല്ലാം കുറ്റകൃത്യമാകുന്നതും ഇതാദ്യമായാണെന്നും അമിത് ഷാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം ഉള്‍പ്പെടെ നല്‍കി പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ കോടതി ശിക്ഷ നല്‍കാറുണ്ടെങ്കിലും ഇക്കാര്യം കൈകാര്യം ചെയ്യാനായി പ്രത്യേക നിയമം ഐ.പി.സിയില്‍ ഉണ്ടായിരുന്നില്ല.

വ്യാജ പേരുകളിലുള്ള മിശ്രവിവാഹം തടയാന്‍ വേണ്ടിയാണു സ്വത്വം മറച്ചുവച്ചുള്ള വിവാഹങ്ങള്‍ കുറ്റകൃത്യമാക്കുന്നതെന്ന് മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷക ശില്‍പി ജെയിന്‍ പറഞ്ഞു. ഇരയെ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയാണ് ഇത്തരം കേസുകളില്‍ വിവാഹം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. അതേസമയം, ജോലിയും സ്ഥാനക്കയറ്റവും വാഗ്ദാനം ചെയ്തുള്ള ലൈംഗികബന്ധവും വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനവും താരതമ്യപ്പെടുത്താനാകില്ലെന്നും ശില്‍പി അഭിപ്രായപ്പെട്ടു. വിവാഹം സ്നേഹത്തിലും വിശ്വാസത്തിലും അടിസ്ഥാനമായ സംഗതിയാണെങ്കില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ് മറ്റുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നീ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകളാണ് ഇന്നലെ അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പുതിയ നിയമത്തില്‍ ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരില്‍ അറിയപ്പെടും. സി.ആര്‍.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും എവിഡന്‍സ് ആക്ട് ഭാരതീയ സാക്ഷ്യവുമാകും. പുതിയ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടും.

Exit mobile version