‘എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ്’; രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നെന്ന് നന്ദു മഹാദേവ

തിരുവനന്തപുരം: കാന്‍സറിന്റെ പിടിയിലമര്‍ന്നപ്പോഴും ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ. ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയുമായാണ് ഇത്തവണ നന്ദു എത്തിയിരിക്കുന്നത്. കാന്‍സറിന്റെ പിടിയില്‍ നിന്നും താന്‍ മുക്തയാവുകയാണെന്ന് നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

”അത്ഭുതം സംഭവിച്ചിരിക്കുന്നു…
മഹാദേവന്‍ കനിഞ്ഞിരിക്കുന്നു…
പ്രിയമുള്ളവരേ എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു…
മനസ്സും മഹാദേവനും ഒന്നിച്ചപ്പോള്‍ ഞാന്‍ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ്
ശ്വാസകോശത്തിലെ ക്യാന്‍സര്‍ കുത്തുകള്‍ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..
പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനയില്‍ ഞാന്‍ വീണ്ടും ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ ചേരുമ്പോള്‍ ചില സമയത്ത് അത്ഭുതങ്ങള്‍ സംഭവിക്കും…
എന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുന്നു…
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തില്‍ വീഴുന്നവര്‍ക്ക് ആത്മവിശ്വാസവും സഹായവും ആകാന്‍ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സര്‍വ്വേശ്വരന്റെ തീരുമാനം…
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകള്‍ക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാന്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു…
അനുഗ്രഹിക്കുക
NB 1 : ഇതുവരെയുള്ള യുദ്ധത്തില്‍ ഞാന്‍ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..
NB 2 : ഞാന്‍ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു..”

Exit mobile version