സ്‌കൂള്‍ ജീവനക്കാരന്റെ 4 വയസ്സുള്ള മകന് കണ്ണില്‍ ക്യാന്‍സര്‍; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ വിദ്യാര്‍ത്ഥികള്‍

ഒരു ഇഞ്ചക്ഷന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിനോടകം തന്നെ ഇത്തരത്തില്‍ രണ്ട് ഇഞ്ചക്ഷന്‍ കുട്ടിക്ക് എടുത്ത് കഴിഞ്ഞു.

തിരുവനന്തപുരം: സ്‌കൂള്‍ ജീവനക്കാരന്റെ മകന് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്താന്‍ ഒരുങ്ങി നാടിന് മാതൃകയായി വര്‍ക്കല വെട്ടൂര്‍ എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍. ഈ സ്‌ക്കൂളിലെ തന്നെ ജീവനക്കാരന്റെ നാല് വയസുള്ള മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥികള്‍ ബിരിയാണി ചലഞ്ച് നടത്തുന്നത്.

കണ്ണില്‍ ക്യാന്‍സര്‍ പിടിപെട്ട് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് കീമോ സാധിക്കുന്നില്ല. അതിനു പകരം ഇഞ്ചക്ഷനാണ് നല്‍കുന്നത്. ഒരു ഇഞ്ചക്ഷന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിനോടകം തന്നെ ഇത്തരത്തില്‍ രണ്ട് ഇഞ്ചക്ഷന്‍ കുട്ടിക്ക് എടുത്ത് കഴിഞ്ഞു. ക്യാന്‍സര്‍ ബാധിച്ചതോടെ കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപെട്ട അവസ്ഥയാണ്. അടുത്ത കണ്ണിലേക്കും ഇത് വ്യാപിക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടം വാങ്ങിയും വായ്പ എടുത്തുമാണ് കുട്ടിയുടെ ചികിത്സ പിതാവ് മുന്നോട്ട് കൊണ്ട് പോകുന്നത്. ചെന്നൈയിലെ ചികിത്സയ്ക്കും മറ്റ് ചിലവുകള്‍ക്കും പണം കണ്ടെത്താന്‍ കഴിയാതെ കുട്ടിയുടെ പിതാവ് വിഷമിച്ചതോടെയാണ് തങ്ങളാല്‍ കഴിയുന്ന സഹായം ഒരുക്കാം എന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തീരുമാനിക്കുന്നത്. അങ്ങനെയാണ് ബിരിയാണി ചലഞ്ച് നടത്താം എന്ന ആശയം ഉയര്‍ന്നത്.

സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 1000 പേര്‍ക്ക് വേണ്ടിയുള്ള ബിരിയാണിയാണ് നിലവില്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ ഇനിയും എണ്ണം കൂടും.

ഇന്റര്‍വെല്‍ സമയങ്ങളിലും വൈകിട്ട് സ്‌കൂള്‍ വിട്ട സമയങ്ങളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിനു സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടമായി എത്തി കാര്യങ്ങള്‍ വിവരിക്കുകയും ബിരിയാണി ആവശ്യമുള്ളവരുടെ പട്ടിക ശേഖരിക്കുകയും ചെയ്യുന്നു.

അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ തന്നെ ആണ് നിര്‍വഹിക്കുന്നത്. പരമാവധി തുക കുട്ടിക്ക് നല്‍കുവാന്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ബിരിയാണി പാചകത്തിനും ബിരിയാണിക്ക് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും സ്‌പോണ്‍സര്‍മാരെ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് അധ്യാപകര്‍.

കുട്ടികളുടെ ഈ ബിരിയാണി ചലഞ്ചിന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ജനുവരി 30 തിങ്കളാഴ്ചയാണ് സ്‌കൂളില്‍ ബിരിയാണി ചലഞ്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 100 രൂപയാണ് ഒരു പൊതി ബിരിയാണിക്ക് ഇവര്‍ വില ഇട്ടിരിക്കുന്നത്.

Exit mobile version