കളക്ടറുടെ വാക്കിന് പൊന്നു വില..! മാന്ദാമംഗലം സെന്റ് മേരീസ് പളളി അവകാശ തര്‍ക്കത്തിന് താല്‍കാലിക ആശ്വാസം; ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറി

തൃശൂര്‍: കളക്ടറുടെ വാക്കിന് പൊന്നു വില കല്‍പിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭക്കാര്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറി. വിവാദമായ മാന്ദാമംഗലം സെന്റ് മേരീസ് പളളിയില്‍ വിശ്വാസികള്‍ നയം മാറ്റി. പള്ളി തല്‍ക്കാലത്തേയ്ക്ക് അടച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി സെന്റ് മേരീസ് പള്ളിയില്‍ നിലനിന്ന അവകാശ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി നടത്തിയ ചര്‍ച്ചയിലാണ് താല്‍ക്കാലിക പരിഹാരമായത്.

പളളി അവകാശ തര്‍ക്കം പരിഹരിക്കാന്‍ ക്രമസമാധാന പ്രശ്‌നം ആദ്യം തീര്‍ക്കണം. അതിനു വേണ്ടിയാണ് ഇരു കൂട്ടരോടും തല്‍ക്കാലത്തേയ്ക്ക് പിന്‍മാറാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.കോടതി വിധിയില്‍ വ്യക്തത വരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കൂ.

അതേസമയം യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പളളിയില്‍ അവസരം നല്‍കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ക്ക് മറ്റൊരു ചാപ്പല്‍ ഇവിടെയുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 42 പേരെ തല്‍ക്കാലം വിട്ടയയ്ക്കുമെന്നാണ് സൂചന. ഇരു സഭാ വിശ്വാസികള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 120 പേര്‍ക്ക് എതിരെയാണ് കേസ്.

Exit mobile version