നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ

പത്തനംതിട്ട: നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് തന്ത്രികുടുംബം… ക്ഷേത്രം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പികെ സജീവ് വ്യക്തമാക്കി.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ആരാധനയില്‍ അധികാരം സ്ഥാപിക്കുയായിരുന്നു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകളോടെ തങ്ങള്‍ ചരിത്രം പറഞ്ഞപ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടായി.

1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്‌ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പികെ സജീവ് പറഞ്ഞു.

ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മലയരയരുടെ ചരിത്രം.

എല്ലാം പിന്നീട് പകര്‍ത്തിയെടുത്തതാണ്. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ശിലകള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരിതെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞേനെ.

നാല് മലകളില്‍ ഇപ്പോഴും മലയരയര്‍ താമസിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന് സമീപത്തുള്ള വനപ്രദേശങ്ങളില്‍ മലയരയ നാഗരികതയുടെ തെളിവുകളുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ശവക്കല്ലറകളുടെ അവശിഷ്ടങ്ങളുമുണ്ട്. ആര്‍ക്കിയോളജി വകുപ്പ് ഇവിടെ പഠനം നടത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തമാകുമെന്നും പികെ സജീവ് ചൂണ്ടിക്കാട്ടി.

മലയരയരുടെ വിശ്വാസപ്രകാരം അയ്യപ്പന്‍ 1100ന്റെ ആദ്യദശകത്തിലാണ് ജനിക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മന്‍ പറഞ്ഞു. കോര്‍മന്റെ പ്രവചനപ്രകാരം പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള ‘മണികണ്ടന്‍’ എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല). പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു.

ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശം ശക്തമായി പ്രതിരോധിച്ചു. മലയരയരുടെ അനേകം ഇരട്ടി വരുന്ന ചോളസൈന്യത്തെ അയ്യപ്പന്‍ യുദ്ധതന്ത്രം കൊണ്ട് തുരത്തി. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തു. മലയരയ ഗോത്രം അയ്യപ്പനെ ആരാധിച്ചു. 41 ദിവസം വ്രതമെടുക്കുന്ന മലയരയര്‍ കാട്ടില്‍ പോയി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.

എന്നുമുതലാണ് ഇവര്‍ അകറ്റി നിര്‍ത്തപ്പെട്ടതെന്നും, അവകാശമില്ലാത്തവരായത് എന്നുമുള്ളത് ചരിത്രമാണ്. മലയരയര്‍ ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും അയ്യപ്പന്‍ അവരുടേതാണെന്നാണ്. അങ്ങനെയെങ്കില്‍ പന്തളം കൊട്ടാരം അതിക്രമിച്ചും കയ്യൂക്കുകാണിച്ചും സ്വന്തമാക്കിയതാകില്ലേ മലയരയരുടെ ആ ദൈവത്തെ സജീവന്‍ ചോദിക്കുന്നു.

Exit mobile version