മുനമ്പം മനുഷ്യക്കടത്ത്; കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും

അനിലിന്റെ പ്രധാന സഹായിയും ദയ മാതാ എന്ന ബോട്ടിന്റെ ഉടമകളിലൊരാളുമായ ശ്രീകാന്തിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. ബോട്ട് വാങ്ങിച്ച അനിലിനെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇയാള്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ പോലീസ് ഇത് വിശ്വാസിച്ചിട്ടില്ല.

അനിലിന്റെ പ്രധാന സഹായിയും ദയ മാതാ എന്ന ബോട്ടിന്റെ ഉടമകളിലൊരാളുമായ ശ്രീകാന്തിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇയാളുടെ വെങ്ങാനൂരിലെ വാടക വീട്ടില്‍ പോലീസ് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. വീട് അടഞ്ഞു കിടക്കുകയായിരുന്നു. ശ്രീകാന്തും ഭാര്യയും പത്തുവയസുകാരി മകളുമാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. ജനുവരി 7 ന് ഇവര്‍ ഇവിടെ നിന്ന് മുങ്ങി.

തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പാസ്‌പോര്‍ട്ട്, വിവിധ തിരിച്ചറിയല്‍ രേഖകള്‍ ,രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഒന്നരമണിക്കൂര്‍ നീണ്ട തിരച്ചിലില്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയക്കും.

Exit mobile version