മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമം..! രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: പണംതട്ടിയെടുക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബാലന്‍പിളള സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സിലാണ് സംഭവം. പത്തനംതിട്ട പാറമട വീട്ടില്‍ റെജീബ്, തൂക്കുപാലം ചേന്നംകുളത്ത് സജി എന്നിവരാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്.

ഇന്നലെ ഇരുവരും ചേര്‍ന്ന് രണ്ട് വളകളാണ് കൊണ്ടുവന്നത്. 19.83 ഗ്രാം തൂക്കമുള്ള ഇവയ്ക്ക് 43,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഉരുപ്പടികള്‍ കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ആധാര്‍ കാര്‍ഡുകള്‍ വാങ്ങിവച്ച ശേഷം കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളുടെ പ്യൂരിറ്റി ടെസ്റ്റ് നടത്തി. ടെസ്റ്റില്‍ ഉരുപ്പടികള്‍ സ്വര്‍ണം അല്ലെന്ന് കണ്ടതോടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഏരിയാ മാനേജരുടെ നിര്‍ദ്ദേശപ്രകാരം നെടുങ്കണ്ടം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ ഈ മുക്കുപണ്ടങ്ങളുമായി പ്രതികള്‍ തൂക്കുപാലത്തെ മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വയ്ക്കാന്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട തുക നല്‍കില്ലെന്ന് അറിയിച്ചതോടെയാണ് ഇവര്‍ ബാലന്‍പിള്ള സിറ്റിയിലെ സ്ഥാപനത്തെ സമീപിച്ചത്.

Exit mobile version