കേരളത്തിന്റെ മരുമകള്‍ സ്ഥാനത്തേക്ക് നടന്നുകയറി ഫ്രഞ്ചുകാരി അഗത! കൈപിടിച്ച് മനു

കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കേരളീയ രീതിയില്‍ ഇരുവരുടെയും വിവാഹം നടന്നു.

കോട്ടയം: കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും മനോഹാരിയും ഇനി ഫ്രഞ്ച് വനിത അഗതയ്ക്കും സ്വന്തം. കിടങ്ങൂര്‍ സ്വദേശി മനുവിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായിരിക്കുകയാണ് ഈ ഫ്രഞ്ച് യുവതി. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഫ്രാന്‍സിന്റെ മകളായ അഗതയെ വധുവാക്കി മനു താലിചാര്‍ത്തിയത്. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കേരളീയ രീതിയില്‍ ഇരുവരുടെയും വിവാഹം നടന്നു.

കിടങ്ങൂര്‍ കൊങ്ങോര്‍പള്ളിത്തറ ഗോപാലകൃഷ്ണന്റെ മകനാണ് മനു. ഒമാനിലെ ഹോട്ടല്‍ മില്ലേനിയത്തില്‍ ടൂറിസം സെക്ടറില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 27-കാരിയായ അഗത ജന്മനാടായ പാരീസില്‍ നിന്ന് ഒമാനില്‍ ജോലിക്കെത്തുമ്പോള്‍ ഭരതീയ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും വായിച്ചറിഞ്ഞിരുന്നു. കൂടുതല്‍ പഠിക്കാനും അറിയാനും താല്പര്യമുള്ള അഗത ഹൈന്ദവാചാരപ്രകാരം വിവാഹിതയാകാന്‍ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് കിടങ്ങൂര്‍ ക്ഷേത്രാങ്കണത്തില്‍ വിവാഹം നടന്നത്.

കേരളീയ വേഷത്തില്‍ സെറ്റുസാരിയും ആഭരണങ്ങളുമണിഞ്ഞ് മാതാവ് പട്രീഷയ്ക്കും പിതാവ് ബര്‍ണാഡിനുമൊപ്പമാണ് അഗത വിവാഹത്തിനെത്തിയത്. മനുവും ബന്ധുക്കളും സുഹൃത്തുക്കളും ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

ഗോര്‍ഡന്‍ ക്ലബില്‍ വിവാഹ സദ്യയും നടന്നു. ഒരു മാസം നാട്ടില്‍ താമസിച്ച ശേഷം ഇരുവരും പാരീസിലേക്ക് പോകും.

Exit mobile version