ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനം പോലീസിന്റെ കൈയ്യില്‍ കിട്ടിയാല്‍ തീര്‍ന്നു! ഇനി മുതല്‍ ലേലം ചെയ്ത് വില്‍ക്കും

ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെ ഉടമയ്ക്കു വിട്ടു നല്‍കുന്നതു വിലക്കി.

പാലക്കാട്: ഇന്‍ഷുറന്‍സ് ചെയ്യാത്ത വാഹനം അപകടത്തില്‍പ്പെടുകയും അത് പോലീസ് പിടിച്ചെടുക്കുകയും ചെയ്താല്‍ ഇനി സ്റ്റേഷനില്‍ കയറിയിറങ്ങി സമയം കളയേണ്ട. ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെ ഉടമയ്ക്കു വിട്ടു നല്‍കുന്നതു വിലക്കി. പകരം, വാഹനങ്ങള്‍ കോടതി മുഖേനെ ലേലം ചെയ്തു വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തു മോട്ടോര്‍ വാഹന നിയമ ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും നാശനഷ്ടങ്ങളുണ്ടായവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഒാടിക്കുന്നവരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകും. വാഹനങ്ങളില്‍ വലിയൊരു വിഭാഗത്തിനു തേഡ് പാര്‍ട്ടി ഇന്‍ഷുറസ് ഇല്ലെന്നാണു വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ട വാഹന ഉടമ, അല്ലെങ്കില്‍ ഡ്രൈവറുടെ അപേക്ഷയില്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കുശേഷം ബോണ്ടില്‍ വിട്ടുകൊടുക്കുകയാണു നിലവില്‍ പോലീസ് ചെയ്യുന്നത്. ചില കേസുകളില്‍ പിഴ ഈടാക്കും. ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി എടുക്കാനും നിര്‍ദേശിക്കും. മരണം നടന്ന കേസുകളില്‍ വാഹനം കോടതി മുഖേന വിട്ടുകൊടുക്കുന്ന നടപടിയും അടുത്തിടെ ആരംഭിച്ചു.

സംഭവത്തില്‍ പിന്നീട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രൈബ്യൂണല്‍(എംഎസിടി) നഷ്ടപരിഹാരം വിധിച്ചാല്‍ അതു നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരായിരിക്കും ഭൂരിഭാഗം ഡ്രൈവര്‍മാരും ഉടമകളും. അതിനാല്‍ മിക്കപ്പോഴും ഇരകള്‍ക്കു തുക ലഭിക്കാത്ത സാഹചര്യമാണ്.

ചട്ടത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ചു പോലീസ് പിടികൂടി ഹാജരാക്കുന്ന വാഹനം കോടതി വഴി ലേലം ചെയ്തുകിട്ടുന്ന തുക എംഎസിടിയില്‍ നിക്ഷേപിക്കണം. അപകടം സംബന്ധിച്ച കേസ് നടക്കുന്ന കോടതി മുഖേന പ്രതികളില്‍നിന്നു ബാങ്ക് ഗ്യാരന്റി വാങ്ങാനും വ്യവസ്ഥയുണ്ട്.

Exit mobile version