കാര്‍ തലകീഴായി പുഴയിലേക്ക് മറിഞ്ഞു..! ബൈക്കിലെത്തിയ പ്രദേശവാസികള്‍ യുവാക്കളെ അതി സാഹസികമായി രക്ഷിച്ചു

പാറക്കടവ്: ഓടിക്കൊണ്ടിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെക്യാട് പാറക്കടവിലാണ് സംഭവം. ഇന്നലെ വൈകീട്ട് 4.30നായിരുന്നു അപകടം നടന്നത്. വളയം കുയ്‌തേരി സ്വദേശികളായ റിസ്വാന്‍, അര്‍ഷാദ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

പാറക്കടവ് പഴയങ്ങാടിയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരികയായിരുന്നു യുവാക്കള്‍. പുഴയുടെ ഓരംചേര്‍ന്നുള്ള റോഡിലൂടെ യാത്രചെയ്യുമ്പോള്‍ നിയന്ത്രണം നഷ്ടമായി കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാര്‍ മൂന്നുവട്ടം മലക്കംമറിഞ്ഞശേഷം നൂറുമീറ്ററോളം പുഴയിലൂടെ നീങ്ങി പുഴയുടെ നടുവിലെത്തിയാണ് നിന്നത്.

യാത്രക്കാരില്‍ ഒരാളായ അര്‍ഷാദ് ഉടന്‍ പുറത്തുചാടി രക്ഷപ്പെട്ടു. എന്നാല്‍ കൂടെ ഉണ്ടായിരുന്ന റിസ്വാനും കാറും പുഴയില്‍ മുങ്ങിപ്പോവുകയുംചെയ്തു. ഇതിനിടയില്‍ ബൈക്കില്‍ ഇതുവഴി വരികയായിരുന്ന പ്രദേശവാസിയായ യുവാവ് നടുവിലക്കണ്ടി സഹീര്‍ പുഴയിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

കാറിന്റെ ഗ്ലാസ് ഉയര്‍ത്തിയ നിലയിലായിരുന്നു. ഡോര്‍ ലോക്കായതിനാല്‍ തുറക്കാനും കഴിഞ്ഞില്ല. ഒടുവില്‍ സഹീര്‍ അതിസാഹസികമായി ഗ്ലാസ് തകര്‍ത്ത് കാറിനുള്ളില്‍നിന്ന് റിസ്വാനെ പുറത്തെടുക്കുകയായിരുന്നു. യുവാക്കളെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ യുവാക്കള്‍ക്ക് നിസാരപരിക്കാണ്.

Exit mobile version