വിവാദങ്ങള്‍ കെട്ടടങ്ങി; ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു സ്‌കൂളില്‍ തിരിച്ചെത്തി; പ്രതിഷേധങ്ങളില്ലാതെ സ്വീകരിച്ച് വിദ്യാര്‍ത്ഥികളും

ദര്‍ശനത്തിനു ശേഷം ബിന്ദു അധ്യാപിക ജോലിയില്‍ തിരിച്ചെത്തി.

തലശ്ശേരി: ഏറെ വിവാദമുണ്ടാക്കിയ ശബരിമലയിലെ ദര്‍ശനത്തിനു ശേഷം ബിന്ദു അധ്യാപിക ജോലിയില്‍ തിരിച്ചെത്തി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസി. പ്രഫസറായ ബിന്ദു എത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമില്ലാതെയാണ് ക്യംപസ് അവരെ വരവേറ്റത്.

ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്ന താന്‍ ക്യാംപസിനുള്ളില്‍ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും, എങ്കിലും ക്യാംപസിന് പുറത്ത് താന്‍ തികച്ചും വേറൊരാളാണ്. ശബരിമലയില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണെന്നും ബിന്ദു പറഞ്ഞു.

ഭരണഘടനാപരമായി ലഭിച്ച അവകാശം സ്ഥാപിക്കാനും ഉന്നത നീതിപീഠത്തിന്റെ വിധി മാനിച്ചുമാണ് മല കയറിയത്. പത്തനംതിട്ടക്കാരിയായ തനിക്ക് ശബരിമല ആചാരങ്ങളെപ്പറ്റി നല്ലതുപോലെ അറിയാം. പുരുഷന് കയറാന്‍ പറ്റുന്ന എല്ലായിടങ്ങളിലും സ്ത്രീകളും എത്തണമെന്നാണ് ആഗ്രഹം. ആംബുലന്‍സില്‍ ഒളിച്ചാണ് ശബരിമലയില്‍ എത്തിയതെന്ന ആരോപണം ബിന്ദു വീണ്ടും നിഷേധിച്ചു.

Exit mobile version