പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം; ഇന്ന് കൊല്ലത്തും തിരുവനന്തപുരത്തും കര്‍ശന ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്ത് രാവിലെ 11 മുതല്‍ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തില്‍ വൈകീട്ട് 5 മണിമുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണം. രാവിലെ മുതല്‍ റേഡുകളില്‍ പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടാകും. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മുന്നറിയിപ്പ് കൂടാതെ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുവാഹനങ്ങള്‍ വൈകീട്ട് നാല് മണി മുതലും കൊട്ടിയം, കുണ്ടറ, ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ രാവിലെ 11 മുതലും മറ്റുള്ള വാഹനങ്ങള്‍ വൈകീട്ട് നാലുമുതലും ടൈറ്റാനിയം ജംഗ്ഷന്‍, പടപ്പനാല്‍, കാരാളിമുക്ക്, ശാസ്താംകോട്ട, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകണമെന്നും പോലീസ് അറിയിപ്പ് നല്‍കി.

കൊട്ടാരക്കര ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട ലോറികള്‍, ട്രക്കുകള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ കുണ്ടറ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഭരണിക്കാവ്, ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാല്‍, ടൈറ്റാനിയം ജംഗ്ഷന്‍, കരുനാഗപ്പള്ളി വഴി പോകണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളന സ്ഥലത്ത് എത്തുന്നവര്‍ ബാഗ്, ക്യാമറ, കുപ്പിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, കുട തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി 10 മണിവരെ എയര്‍പോര്‍ട്ട്, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചയ്ക്കല്‍, പടിഞ്ഞാറേക്കോട്ട, മിത്രാനന്തപുരം, വാഴപ്പള്ളി, ട്രാന്‍സ്പോര്‍ട്ട് ഭവന്‍, ആലുക്കാസ്, കിഴക്കേനട, പത്മ വിലാസം വരെയുള്ള റോഡിലും ചാക്ക , പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍ആര്‍ലാംമ്പ്, മ്യുസിയം, കെല്‍ട്രോണ്‍, വെള്ളയമ്പലം, രാജ്ഭവന്‍ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണവും, പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ് എന്ന് പൊലീസ് അറിയിച്ചു. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയോരക്കച്ചവടക്കള്‍ക്കും നിയന്ത്രണമുണ്ട്.

Exit mobile version