അവസാന സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തി, യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പില്ലാതെ വണ്ടി നീങ്ങി; ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാര്‍ മെറ്റലില്‍ വീണ് പരുക്ക്; സംഭവം കൊച്ചുവേളിയില്‍

കൊച്ചുവേളി: യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ മുന്നറിയിപ്പില്ലാതെ മുന്നോട്ട് എടുത്തു. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള അന്ത്യോദയ എക്പ്രസാണ് അവസാന സ്റ്റോപ്പായ കൊച്ചുവേളിയില്‍ നിര്‍ത്തി പെട്ടന്ന് മുന്നോട്ട് കുതിച്ചത. എന്നാല്‍ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ എടുത്തതോടെ ഇറങ്ങാന്‍ ശ്രമിച്ച ചില യാത്രക്കാര്‍ക്ക് മെറ്റലില്‍ വീണു പരുക്കേറ്റു.

യാത്രക്കാരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സി’ന്റെ നിര്‍ദേശ പ്രകാരം ഉച്ചയോടെ സ്റ്റേഷനില്‍ പരാതി രേഖപ്പെടുത്താനെത്തിയ ആള്‍ക്കു പരാതി പുസ്തകം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. അന്ത്യോദയ എക്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത രേഖയോ സംഭവം നടന്ന സമയത്തെ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഹാജരാക്കാതെ പരാതി പുസ്തകം നല്‍കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അതേ സമയം ഇതു സംബന്ധിച്ച പരാതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

സ്റ്റേഷനില്‍ നിന്നു പ്ലാറ്റ്‌ഫോം വിട്ടു ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നതിന്റേയും യാത്രക്കാര്‍ മെറ്റലിലേക്ക് ഉള്‍പ്പെടെ ചാടിയിറങ്ങുന്നതിന്റെയും ദൃശ്യങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. അപകടം സംഭവിച്ചില്ലെന്ന കാരണത്താല്‍ സംഭവത്തിന്റെ ഗൗരവം ഒട്ടും കുറയില്ലെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.

Exit mobile version